ഓർമ്മകളിൽ മായാതെ 'മലയാള സംഗീത ലോകത്തെ മെലഡി കിങ്' എസ് പി വെങ്കിടേഷ്
'മലയാള സംഗീത ലോകത്തെ മെലഡി കിങ്' എന്നാണ് എസ് പി വെങ്കിടേഷ് സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. തൊണ്ണൂറുകളിൽ മലയാള സിനിമകളിൽ പശ്ചാത്തല സംഗീതത്തിലൂടെയും ഒരു മാന്ത്രിക ലോകം തീർത്തു എസ് പി വെങ്കിടേഷ്. മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിന് അത്രയേറെ പ്രാധാന്യം നൽകിയ സംഗീത സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.
ഒരു സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന മിടുക്കിനെക്കുറിച്ച് പല സംവിധായകരും അത്ഭുതത്തോടെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കിലുക്കം എന്ന സിനിമയിലെ ആ വിഖ്യാതമായ പശ്ചാത്തല സംഗീതം മലയാളികൾക്ക് അത്ര വേഗമൊന്നും മറക്കാനാകില്ല. തമിഴ് പശ്ചാത്തലമുള്ള അദ്ദേഹം മലയാള മണ്ണറിഞ്ഞ് ഈണങ്ങൾ നൽകിയപ്പോൾ പിറന്നത് ചരിത്രമാണ്.
പ്രണയമായാലും വിരഹമായാലും ഏത് ഭാവമാണെങ്കിലും എസ് പി വെങ്കിടേഷിന്റെ കൈകളിൽ ഭദ്രമായിരുന്നു. രാജാവിന്റെ മകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു എസ് പി വെങ്കിടേഷ് എന്ന പേര് സിനിമാ പ്രേമികളുടെ മനസിൽ പതിയുന്നത്. രാജാവിന്റെ മകൻ എന്ന സിനിമയിൽ തുടങ്ങിയ തമ്പി കണ്ണന്താനം- എസ് പി വെങ്കിടേഷ് കൂട്ടുകെട്ട് പിന്നീട് പല സിനിമകളിലും ആവർത്തിച്ചു എന്ന് വേണം പറയാൻ.
വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ...അങ്ങനെ ഒരു നീണ്ടനിര തന്നെ ഈ കൂട്ടുകെട്ടിലെത്തി. ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ, ദേവാസുരം, സ്ഫടികം തുടങ്ങി മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ ഒട്ടനവധി മനോഹരമായ ഈണങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. ആ സംഗീതമാധുര്യം എന്നും നമ്മുടെ ഓർമകളിൽ നിറഞ്ഞു നിൽക്കും.