പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നടനായാല്‍ മതി, എന്നും; മടുപ്പിക്കരുത് എന്നു മാത്രം
Actor Vijayaraghavan interview
ബി വി അരുണ്‍കുമാര്‍
' അവാര്‍ഡ് കിട്ടിയതില്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. എങ്കിലും സന്തോഷം. നമ്മുടെ രാജ്യത്തെ ഒരു നടന് കിട്ടാവുന്നതില്‍ വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്. അതില്‍ വലിയ സന്തോഷമുണ്ട്. സ്റ്റേറ്റ് അവാര്‍ഡും ദേശീയ അവാര്‍ഡും എനിക്കു കിട്ടി. അതിനാല്‍, ഇരട്ടി മധുരമുണ്ട്.' സിനിമാ വിശേഷങ്ങള്‍ നടന്‍ വിജയരാഘവന്‍ പങ്കുവയ്ക്കുന്നു.
പ്രേക്ഷകര്‍ ഇഷ്ടപ്പെടണം
എനിക്ക് ആദ്യം കിട്ടിയത് സംസ്ഥാന അവാര്‍ഡാണ്. ഇത്രയും നാള്‍ അഭിനയിച്ചിട്ടും സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയത് 2023-ലെ സിനിമയ്ക്കാണ്. 54 വര്‍ഷമായി ഞാന്‍ അഭിനയ രംഗത്തെത്തിയിട്ട്. ആദ്യ 13 വര്‍ഷം നാടകം മാത്രമായിരുന്നു. പിന്നീട് സിനിമയിലെത്തി. എവിടെയാണെങ്കിലും അഭിനയം വലിയ പാഷനായി കൊണ്ടുനടക്കുന്ന ആളാണ് ഞാന്‍. അങ്ങനെയുള്ള എനിക്ക് ഒരു അംഗീകാരം കിട്ടുമ്പോള്‍ സന്തോഷമല്ലേ ഉണ്ടാവുക. അവാര്‍ഡ് കിട്ടാതിരുന്നതുകൊണ്ട് ഞാന്‍ ഒരു മോശം നടനാണെന്നോ, കിട്ടിയതുകൊണ്ട് ഒരു മഹാ നടനാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു അംഗീകാരം ലഭിക്കുമ്പോള്‍ വലിയ സന്തോഷമാണ്. ഇന്ത്യയില്‍ 140 കോടി ജനങ്ങളുള്ള സ്ഥലത്ത് നല്ല നടനാണ് ഞാന്‍ എന്നു പറയുന്നത് വലിയ കാര്യമാണ്. എന്നുകരുതി ഇത് വലിയ സംഭവവുമല്ല. നല്ല നല്ല വേഷങ്ങള്‍ വരണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകരുടേതാണ്. 54 വര്‍ഷമായി നാടകത്തിലും സിനിമയിലും നില്‍ക്കുന്ന എന്നെ ഇഷ്ടപ്പെടുന്നതുകൊണ്ടല്ലേ, ഞാന്‍ ഉള്ള സിനിമകള്‍ കാണുന്നതും അതേക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നതും. എന്റെ അഭിനയം കൊള്ളാമെന്നതുകൊണ്ടാണ് സംവിധായകരും നിര്‍മാതാക്കളും എന്നെ വിളിക്കുന്നത്. ആ ആത്മവിശ്വാസം എനിക്കുണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് എന്നെ സിനിമക്കാര്‍ വിളിക്കുന്നത്. എന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു നടനായിരിക്കണം അതാണ് ആഗ്രഹം. പ്രേക്ഷകര്‍ക്ക് ഒരിക്കലും മടുപ്പ് തോന്നരുത്. അതുകൊണ്ടാണ് ഞാന്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നത്. ഒരേതരം വേഷങ്ങള്‍ കണ്ടാല്‍ പ്രേക്ഷകര്‍ക്കും മടുപ്പ് തോന്നും. അങ്ങനെ ഉണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
എന്റെ കളിയാണ് അഭിനയം
എന്നെപ്പോലൊരു നടന് സെലക്റ്റീവാകാന്‍ പറ്റില്ല. അങ്ങനെ നോക്കിയാല്‍ നമുക്ക് വീട്ടിലിരിക്കാനേ സാധിക്കൂ. പ്രത്യേകതരം സിനിമകള്‍ മാത്രമേ അഭിനയിക്കൂ എന്നൊന്നും എനിക്ക് പറയാനാകില്ല. എന്റെ കളിയാണ് അഭിനയം. ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നൊക്കെ പറയുന്ന പോലെ. മനസുകൊണ്ടും ശരീരം കൊണ്ടും കളിക്കുന്ന ഒന്നാണ് അഭിനയം. ഞാന്‍ മറ്റൊരാളായി രൂപാന്തരപ്പെടുക, അങ്ങനെ പെരുമാറുക ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കളിയാണ്. അങ്ങനെ പെരുമാറുമ്പോള്‍ എന്നെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. എനിക്ക് അതിലൂടെ പൈസ കിട്ടുന്നു. ആ പൈസ കൊണ്ട് സന്തോഷമായി ജീവിക്കുന്നു. മലയാളികള്‍ എവിടെയുണ്ടെങ്കിലും എന്നെ തിരിച്ചറിയുന്നു. ഇതൊക്കെ വലിയ ഭാഗ്യമാണ്. കുറച്ചു നാള്‍ മുമ്പ് ഞാനും ഫാമിലിയുമായി സൗത്താഫ്രിക്കയില്‍ പോയിരുന്നു. ആ സമയത്ത് നെല്‍സണ്‍ മണ്ടേലയെ പാര്‍പ്പിച്ചിരുന്ന ജയില്‍ കാണാന്‍ പോയി. റോബന്‍ ഐലന്റിലാണ് ആ ജയില്‍. അവിടേക്ക് ബോട്ടിലാണ് പോയത്. ബോട്ടില്‍ വച്ച് എന്നെ കുറേ പേര്‍ തിരിച്ചറിഞ്ഞു. വിജയരാഘവനല്ലേ എന്നുപറഞ്ഞ് അവര്‍ എന്റെ അടുത്തുവന്നു. അതൊക്കെ വലിയ കാര്യമല്ലേ. ഇങ്ങനെ നിരവധി അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ പോയാലും നമ്മളെ തിരിച്ചറിയുന്നുവെന്നു പറയുന്നത് വലിയ കാര്യമാണ്.
അഭിനയത്തിന്റെ അളവുകോല്‍ എന്താണ്?
രണ്ടോ മൂന്നോ അംഗീകാരം മാത്രമല്ലേ ഉള്ളൂ. പ്രധാന നടന്‍, സഹനടന്‍, നടി അങ്ങനെയാണ് നമ്മുടെ സിസ്റ്റം. ആ സിസ്റ്റം മാറണമെന്നു വേണമെങ്കില്‍ നമുക്ക് പറയാം. ഒരു പൗരന്‍ എന്ന നിലയില്‍ നമുക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ട്. പക്ഷേ അങ്ങനെയല്ല ഇവിടുത്തെ കാര്യങ്ങള്‍. ഈ സിസ്റ്റമല്ലേ മാറേണ്ടത്. സംസ്ഥാന അവാര്‍ഡ് കിട്ടിയത് സ്വഭാവ നടന്‍ എന്ന നിലയിലാണ്. കേരളത്തില്‍ നല്ല നടനും സ്വഭാവ നടനുമാണ്. ദേശീയ പുരസ്‌കാരം നോക്കിയാല്‍ മികച്ച രണ്ടാമത്തെ നടനാണ്. അതില്‍ നമുക്കൊരു അഭിപ്രായം പറയേണ്ട കാര്യമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ നമ്മുടെ പടങ്ങള്‍ അവാര്‍ഡിന് അയക്കരുത്. ഇതാണ് നമ്മുടെ സിസ്റ്റം എന്നു നമുക്കറിയാമല്ലോ. എങ്കില്‍ നമ്മള്‍ അതില്‍ നിന്നും മാറിനില്‍ക്കുകയാണ് വേണ്ടത്. ഒരു മികച്ച നടന്‍ അല്ലെങ്കില്‍ നടി എന്നു പറയുന്നതില്‍ എന്താണ് മാനദണ്ഡം? ഒരു മത്സരം വയ്ക്കണം. ഒരു കഥാപാത്രത്തെ എടുക്കുക. ഭീമന്‍ അല്ലെങ്കില്‍ ശ്രീരാമന്‍ എന്ന കഥാപാത്രത്തെ പത്തുപേരെക്കൊണ്ട് അഭിനയിപ്പിക്കണം. അതില്‍ ഏറ്റവും നന്നായി അഭിനയിച്ചത് ആരാണെന്നു നോക്കണം. ഏറ്റവും നന്നായി അഭിനയിച്ച ഭീമന്‍, അര്‍ജുനന്‍, ശ്രീരാമന്‍ എന്നുനോക്കി വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കാം. അല്ലാതെ ഞാന്‍ അഭിനയിച്ച ഒരു കഥാപാത്രത്തെയും ഷാരൂഖ് ഖാന്റെ പ്രായത്തില്‍ അഭിനയിച്ച ഒരു കഥാപാത്രത്തെയും തമ്മില്‍ എങ്ങനെയാണ് താരതമ്യപ്പെടുത്തുക. അതൊരിക്കലും പറ്റില്ല. ഓട്ടത്തിലായാലും ചാട്ടത്തിലായാലും ഒന്നാമതെത്തുന്നയാളെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. അതിന് അതിന്റേതായ അളവുകോലുണ്ട്. ഒരു നടന്റെ നടനത്തിന്റെ അളവുകോല്‍ എന്താണ്? ശ്രീകൃഷ്ണനായി അഭിനയിക്കുന്ന ഒരാള്‍ അതിനെ പ്രതിഫലിപ്പിക്കുന്നത് ഭാവനയിലുള്ള കഥാപാത്രമായാണ്. നൂറുശതമാനം യാഥാര്‍ഥ്യമായിട്ടായിരിക്കില്ല ആ കഥാപാത്രത്തോടുള്ള നമ്മുടെ സമീപനം. അതേസമയം നമ്മുടെ നാട്ടിന്‍പുറത്തെ തെങ്ങുകയറ്റക്കാരനായ കൃഷ്ണന്റെ കഥയാണ് പറയുന്നതെങ്കില്‍ അത് മറ്റൊന്നാണ്. തെങ്ങുകയറ്റ തൊഴിലാളിയുടെ കഥയാണത്. അത് റിയലിസ്റ്റിക്കായ രീതിയിലാണ് അപ്രോച്ച് ചെയ്യേണ്ടത്. ഇതുതമ്മില്‍ എങ്ങനെയാണ് താരമ്യം ചെയ്യുക. ഇതിനു പ്രത്യേക പാരാമീറ്ററില്ല. ഇപ്പോള്‍ കുറേ നടന്‍മാരെ കണ്ടെത്താന്‍ ഒരു സിസ്റ്റം ഉണ്ടാക്കിവച്ചിരിക്കുകയാണ്. ആ സിസ്റ്റത്തിനെയാണ് മാറ്റേണ്ടത്. ആ മാറ്റമുണ്ടാകാത്തിടത്തോളം ഇങ്ങനെയാകും കാര്യങ്ങള്‍ നടക്കുക. അതുകൊണ്ട് വരുന്നതിനെ അംഗീകരിക്കുക എന്നുമാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ.
54 വര്‍ഷത്തെ അഭിനയ ജീവിതം
ഞാന്‍ തിരിഞ്ഞുനോക്കാന്‍ ഒട്ടും ആഗ്രഹിക്കാത്ത ആളാണ്. മുന്നോട്ടു പോകാനാണ് ആഗ്രഹം. ഇന്നലകളെ ക്കുറിച്ച് ആലോചിച്ച് ദുഃഖിക്കാറോ, സന്തോഷിക്കാറോ ഇല്ല. അനാവശ്യമായി ഞാന്‍ സന്തോഷിക്കാറില്ല. ഞാന്‍ വീട്ടില്‍ പലപ്പോഴും പറയുന്ന കാര്യമാണത്. ഞാന്‍ പണ്ട് ആദ്യമായി ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. അന്നുണ്ടായ സന്തോഷം ഇപ്പോള്‍ ഒരു വാഹനം വാങ്ങിയാല്‍ എനിക്കുണ്ടാകാറില്ല. ആദ്യമായി ഉണ്ടാകുന്ന അനുഭവത്തിലെ സന്തോഷം പിന്നെ നമുക്ക് ഉണ്ടാകണമെന്നില്ല. പിന്നെ നാളത്തെ കുറിച്ച് ചിന്തിക്കാറുമില്ല. നാളത്തെ സിനിമയ്ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കും. പക്ഷേ അനുഭവങ്ങളുടെ പാഠങ്ങള്‍ നമുക്കുണ്ടാകും. അത്തരം അനുഭവങ്ങളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. ഒത്തിരി അനുഭവസമ്പത്തുള്ള ആളാണ് ഞാന്‍. അതില്‍ തെറ്റും ശരിയും കാലം മാറുന്നതനുസരിച്ച് എന്നിലേക്ക് വരുന്നുണ്ട്. ഇന്ന് ഈ നിമിഷം ഞാന്‍ ജീവിക്കുന്നു. അടുത്ത നിമിഷം എനിക്കറിയില്ലല്ലോ. എന്തിനാ വെറുതെ അതേക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് എന്ന ചിന്തയിലാണ് ഞാന്‍ ജീവിക്കുന്നത്.
ചെയ്തതില്‍ ഇഷ്ടപ്പെട്ട കഥാപാത്രം
അങ്ങനെ ഒരെണ്ണമല്ല ഇഷ്ടപ്പെട്ടത്. ഒത്തിരിയുണ്ട്. ചേറാടി കറിയാ, ദേശാടനത്തിലെ ശങ്കരന്‍, ശിപ്പായി ലഹള, ഏകലവ്യന്‍, കമ്മിഷണര്‍, മാഫിയ, രൗദ്രം, പൂക്കാലം, കിഷ്‌കിന്ധാ കാണ്ഡം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി നിരവധി സിനിമകളിലെ കഥാപാത്രങ്ങള്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. രണ്‍ജി പണിക്കര്‍ എഴുതിയ സിനിമകളിലെ കഥാപാത്രങ്ങളാണ് കൂടുതലും എനിക്കിഷ്ടം. അതിലാണ് വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ കിട്ടിയിട്ടുള്ളത്. ഞാന്‍ ഞാനായി ചെയ്ത കഥാപാത്രങ്ങളോട് അത്ര വലിയ കാര്യമായി തോന്നിയിട്ടില്ല. അതൊക്കെ ആവര്‍ത്തനമായി തോന്നിയിട്ടുണ്ട്.
സിനിമയില്‍ വന്ന മാറ്റങ്ങള്‍
ടെക്‌നോളജിയിലാണ് മാറ്റങ്ങള്‍ വന്നിട്ടുള്ളത്. എല്ലാകാലത്തും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. പിന്നെ ന്യൂജന്‍ എന്നൊക്കെ പലരും പറയും. പത്മരാജനും കെ.ജി. ജോര്‍ജും തുടക്കത്തില്‍ ന്യൂജനായിരുന്നു. പി.എന്‍. മേനോന്‍ സാര്‍ അന്നത്തെകാലത്ത് ന്യൂജനായിരുന്നു. ഓളവും തീരവും എന്ന സിനിമ സ്റ്റുഡിയോയില്‍ നിന്നും പുറത്തുകൊണ്ടുവന്നത് പി.എന്‍. മേനോന്‍ സാറാണ്. അതൊരു വലിയ വിപ്ലമായിരുന്നു. ജോണ്‍ എബ്രഹാം, അടൂര്‍, പത്മരാജന്‍, അരവിന്ദന്‍ എന്നിവരുടെ കാലം വലിയ മാറ്റമാണ് സിനിമയിലുണ്ടാക്കിയത്. 360 ഡിഗ്രിയില്‍ സിനിമ ചെയ്തവരാണ് അവര്‍. അതിനു മുമ്പ് 180 ഡിഗ്രിയില്‍ മാത്രമേ ചെയ്തിരുന്നുള്ളു. ഇപ്പോള്‍ ടെക്‌നോളജി വളര്‍ന്ന് ഡിജിറ്റലായപ്പോള്‍ കൂടുതല്‍ ഈസിയായി സിനിമ ചെയ്യാമെന്ന അവസ്ഥയായി. ക്യാമറകള്‍ പോലും ചെറിയ ഉപകരണമായാണ് ഉപയോഗിക്കുന്നത്. വിരല്‍ത്തുമ്പില്‍ മാത്രം ക്യാമറ വച്ച് സിനിമ ചെയ്യുന്ന കാലമാണിത്. അഭിനേതാവിനെ സംബന്ധിച്ച് അങ്ങനെ മാറ്റമുണ്ടോ എന്നു ചോദിച്ചാല്‍ നമ്മള്‍ നമ്മുടെ എഫര്‍ട്ട് എടുത്തേ മതിയാകൂ. ഞാന്‍ ഒരു വീണ വായിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ എന്തെങ്കിലുമൊരു ഉപകരണം വായിക്കുന്ന ആള്‍ എന്ന പോലെയെ എന്നെ കണ്ടിട്ടുള്ളു. ഏതു തന്ത്രിയില്‍ എവിടെ തട്ടിയാലാണ് ശബ്ദം ഉണ്ടാകുന്നത് എന്ന് എനിക്ക് നന്നായറിയാം. ഞാന്‍ എന്ന ഉപകരണത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്ക് അറിയാം. അതിന് എന്തൊക്കെ സ്വരങ്ങള്‍ വേണം, അത് എത്രമാത്രം ശബ്ദതരങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റും എന്നൊക്കെ കൃത്യമായറിയാം. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ അങ്ങനെയാണ് കാണുന്നത്. എന്റെ സൃഷ്ടികളാണത്. ഞാന്‍ എന്ന വ്യക്തി സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍. അത് എന്റേതു മാത്രമാണ്. ഇരുമ്പിന്റെ കഷ്ണം മണ്ണില്‍ കിടന്നാല്‍ തുരുമ്പ് പിടിക്കും. അതെടുത്ത് നമ്മള്‍ തുടച്ചു വൃത്തിയാക്കി നോക്കിയാല്‍ അതില്‍ വെള്ളിപോലിരിക്കും. എന്നുപറഞ്ഞപോലെ നിരന്തരമായി ഞാന്‍ ഈ പ്രവൃത്തി ചെയ്യുന്നതുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. കുറച്ചുകൂടി ആധികാരികമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ഇതൊക്കെ എന്റെ എക്്‌സ്പിരിയന്‍സ് മൂലമാണ്. അതിന് ഞാന്‍ വിലകൊടുക്കുന്നു.