സോൾട്ട് ആന്റ് പെപ്പർ ലുക്ക് ട്രെൻഡ് ആക്കിയ 'തല'.അജിത്ത് ;പിന്നിലെ ആരോഗ്യ പ്രശ്നങ്ങൾ
യുവാക്കൾക്കിടയിൽ സോൾട്ട് ആന്റ് പെപ്പർ ലുക്ക് ട്രെൻഡ് ആക്കിയ 'തല'.., അജിത്തിന്റെ മുടി കളർ ചെയ്തതാണെന്ന തരത്തിൽ ആദ്യകാലങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം തന്നെ അത് സ്വഭാവിക നരയാണെന്ന് വ്യക്തമാക്കിയിരുന്നു. അജിത്തിൻ്റെ ലുക്ക് ട്രെൻഡ് ആകുമ്പോഴും അതിന് പിന്നിലെ ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതായിട്ടുണ്ട്.താൻ ഉറക്കപ്രശ്നങ്ങൾ നേരിടുന്നതായി അജിത്ത് മുൻപ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. കടുത്ത ഉറക്കപ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും ഒരു ദിവസം കൂടിപ്പോയാൽ നാല് മണിക്കൂർ വരെയാണ് ഉറങ്ങുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് അകാല നരയ്ക്ക് ഒരു പ്രധാന ഘടകമാണ്.
ഉറക്കവും നരയും
ഉറക്കം കുറയുന്നത് മെലാട്ടോണിൻ കുറയാനും ഓക്സിഡേറ്റീവ് സമ്മർദം വർധിക്കാൻ കാരണമാകുന്നു. ഇത് ഫ്രീറാഡിക്കലുകളിലും ആൻ്റിഓക്സിഡൻ്റുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. ഇത് ഹെയർ ഫോളിക്കിൾ കോശങ്ങളെ തകരാറിലാക്കാം. മാത്രമല്ല, ആന്തരികമായ ഒരു ബ്ലീച്ചിങ് സംഭവിക്കാം. ഇത് മുടിയിൽ നരകയറാനുള്ള കാരണമാകാം.ചില പോഷകങ്ങളുടെ കുറവും അകാലനരയ്ക്ക് കാരണമാകാം. വിറ്റാമിൻ ബി12, കോപ്പർ, ഇരുപ്പ്, സിങ്ക്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുടെ അഭാവം മെലാലിൻ്റെ ഉൽപാദനത്തെ ബാധിക്കാം. ഇത് അകാലനരയ്ക്ക് കാരണമാകുന്നതാണ്. വൈദ്യസഹായത്തോടെ പോഷകക്കുറവു പരിഹരിക്കുന്നത് അകാലനര വരുന്നത് കുറയ്ക്കാൻ സാധിക്കും. ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയ ഗ്ലീൻ ടീ ദിവസവും ഒരു കപ്പ് വീതം കുടിക്കാം.
ഉറക്കം നന്നാക്കാൻ
പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും. ഇത് മെലാടോണിൻ്റെ ഉൽപാദനം കുറയ്ക്കും. രാത്രി ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക.
ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക.
ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക.
ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്.
ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
അത്താഴത്തിന് ദഹനം പെട്ടെന്ന് നടക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.