വേനൽച്ചൂട് വർധിക്കുന്നു ;ശ്രദ്ധിച്ചില്ലെങ്കിൽ രോ​ഗങ്ങൾ വഷളാക്കും

By :  Devina Das
Update: 2026-04-08 09:26 GMT

കേരളത്തിൽ അന്തരീക്ഷ താപനില വളരെയധികം ഉയരുകയാണ്.അതിശക്തമായ വേനൽച്ചൂട് ശാരീരികമായും മാനസികമായും ബാധിക്കും.

ചൂടും ആരോ​ഗ്യവും

നമ്മുടെ ശരീരം ഒരു നിശ്ചിത താപനിലയിൽ പ്രവർത്തിക്കാൻ രൂപപ്പെടുത്തിയിരിക്കുന്നതാണ്. ആ പരിധി ലംഘിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. കഠിനമായ വേനൽച്ചൂടിൽ വിയർക്കുന്നതു വഴി ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുകയും പേശി നഷ്ടത്തിനും വേനദയ്ക്കും കാരണമാകും.

ശരീരതാപനില 38 ഡി​ഗ്രി സെൽഷ്യസ് കടക്കുമ്പോൾ തലകറക്കം, തലവേദന, ഓക്കാനം എന്നിവയിലേക്ക് നയിക്കാം. ​ഗുരുതര സന്ദർഭങ്ങളിൽ താപാഘാതം പോലുള്ള അവസ്ഥയും ഉണ്ടാകാം. ശരീര താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മിനിറ്റുകൾക്കുള്ളിൽ തകരാറിലാകാം.

ചൂട് മാനസികമായി ബാധിക്കുമ്പോൾ

കഠിനമായ ചൂട് ശാരീരികമായി മാത്രമല്ല, മാനസികമായും അസ്വസ്ഥതകൾ ഉണ്ടാക്കാം. ഉയർന്ന താപനില ഉറക്കത്തെ ബാധിക്കുന്നതിലൂടെ മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഏകാ​ഗ്രതക്കുറവ് എന്നിവയ്ക്ക് കാരണമാകും. കൂടാതെ ശരീരം നിരന്തരം താപസമ്മർദത്തിന് വിധേയമാകുമ്പോൾ അത് ഉത്കണ്ഠ വർധിക്കാൻ കാരണമാകുമെന്നും ചില പഠനങ്ങൾ പറയുന്നു. മാനസിക രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിൽ, ചൂട് മരുന്നുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യും.

രോ​ഗാവസ്ഥ വഷളാക്കുന്നു

കഠിനമായ ചൂട് നിലവിലുള്ള രോഗാവസ്ഥകളെ വഷളാക്കും. വായുവിൽ ചൂട് കൂടുമ്പോൾ ശരീരത്തെ തണുപ്പിക്കാനായി ഹൃദയത്തിന് കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഹൃദയത്തിന് അമിത ഭാരം നൽകുകയും ചെയ്യുന്നു. ഹൃദ്രോഗികൾ മരുന്നുകൾ കഴിക്കുന്നതിൽ കൃത്യത പാലിക്കണം, എന്നാൽ നിർജ്ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം.

പകർച്ചവ്യാധികളുടെ വ്യാപനം

ചൂടു കാലാവസ്ഥ രോഗാണുക്കളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. കൊതുകുകളുടെ പ്രജനനം വർധിക്കുന്നതോടെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവ പടരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയിൽ ഭക്ഷണത്തിലും വെള്ളത്തിലും ബാക്ടീരിയകൾ വേഗത്തിൽ വളരുന്നു. ഇത് വയറിളക്കം, കോളറ, ടൈഫോയ്ഡ് എന്നിവയ്ക്ക് കാരണമാകുന്നു.

വേനലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദാഹം തോന്നിയാലും ഇല്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക.

രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക.

ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. ഉപ്പും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ (ഒആർഎസ്) എപ്പോഴും കരുതുക.

അമിതമായ തലവേദന, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണുക.

Similar News