എഴുപതുകൾ ഏറ്റവും പ്രോഡക്ടീവ് ആയ പ്രായം';ഡോ. എ മാര്‍ത്താണ്ഡ പിള്ള

By :  Devina Das
Update: 2026-04-18 09:38 GMT

എല്ലാ മനുഷ്യരുടെയും ഏറ്റവും പ്രൊഡക്ടറ്റീവ് ആയ പ്രായം അറുപതുകളിലും എഴുപതുകളിലുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ അധ്യക്ഷനും പത്മശ്രീ ജേതാവുമായ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. എ മാർത്താണ്ഡ പിള്ള. 'നമ്മുടെ പണ്ടത്തെ തെറ്റും ശരിയും എല്ലാം തലച്ചോർ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് തീരുമാനങ്ങൾ എടുക്കുമ്പോൾ ആ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആ മുൻകാല അനുഭവങ്ങൾ സഹായിക്കുന്നു. കൂടാതെ ഈ പ്രായക്കാർക്കിടയിൽ തീരുമാനങ്ങൾ എടുക്കുന്നത് വളരെ വേഗത്തിലായിരിക്കും'- ഡോ. മാർത്താണ്ഡ പിള്ള പറയുന്നു.

എന്നാൽ പ്രായമായെന്ന് കരുതി വിശ്രമത്തിലേക്ക് നീങ്ങിയാൽ തലച്ചോറിന്റെ പ്രവർത്തനവും മന്ദഗതിയിലാകും. പുതിയ കാര്യങ്ങൾ പഠിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. 70-ാം വയസ്സിൽ പാട്ട് പഠിച്ചാൽ ശരിയാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകും, എന്നാൽ ആ പ്രായത്തിൽ പുതിയ കാര്യങ്ങൾ പഠിക്കുകയും അറിയുകയും ചെയ്യുന്നത് നിങ്ങളുടെ ഓർമശക്തിയും ശാരീരിക ബലവും വർധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. സ്‌ട്രോക്ക് പോലുള്ള അവസ്ഥകൾ വരുമ്പോൾ വിശ്രമമാണ് ആവശ്യമെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ മറിച്ചാണ് യാഥാർഥ്യം. സ്‌ട്രോക്ക് വന്ന വ്യക്തി കൂടുതൽ വ്യായാമം ചെയ്യുകയും ഫിസിയോ തെറാപ്പി ചെയ്യുകയും ചെയ്യുന്നത് ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കും.

സ്‌ട്രോക്ക് വരുന്നതിന് മുൻപ് ശരീരം നൽകുന്ന സൂചനകൾ

തലകറക്കം, നടക്കുമ്പോൾ ബാലൻസ് കുറയുന്നത്, താൽക്കാലികമായി ഉണ്ടാകുന്ന കാഴ്ചാ പ്രശ്‌നങ്ങൾ, കൈകളിലെ മരവിപ്പ്, കൈകൾ പൊക്കാൻ പറ്റാത്ത അവസ്ഥ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ മിക്കവാറും താൽക്കാലികമായതു കൊണ്ട് തന്നെ ആരും കാര്യമായി എടുക്കാറില്ല. ആവർത്തിച്ചു ഈ ലക്ഷണങ്ങൾ ഉണ്ടാവുകയും അവയുടെ തീവ്രത കൂടുകയും ചെയ്യുന്നത് ശ്രദ്ധിക്കണം. അവഗണിക്കുന്നത് സ്‌ട്രോക്കിലേക്ക് നയിക്കാമെന്നും ഡോ. മാർത്താണ്ഡ പിള്ള മുന്നറിയിപ്പ് നൽകുന്നു.

Similar News