മുരിങ്ങയില ;ആരോഗ്യഗുണങ്ങളിൽ കേമൻ
നാട്ടിൻപുറങ്ങളിലെ വീട്ടിൽ പച്ചക്കറിയൊന്നുമില്ലെങ്കിൽ പറമ്പിലേക്കിറങ്ങി രണ്ട് മുരിങ്ങയില തണ്ടും പച്ചമാങ്ങയും ഉണ്ടെങ്കിൽ ഉച്ചയ്ക്കത്തേക്കുള്ള കൂട്ടാൻ റെഡി. അങ്ങനെ നിമിഷ നേരം കൊണ്ട് മുരിങ്ങയിലകൊണ്ട് അമ്മമാർ തട്ടിക്കൂട്ടുന്ന റെസിപ്പിക്കൾ ധാരാളമാണ്. എന്നാൽ അങ്ങനെ പകരക്കാരനാക്കേണ്ടവൻ അല്ല നമ്മുടെ മുരിങ്ങയിലയെന്ന് പഠനങ്ങൾ പറയുന്നു. ഇന്ന് വ്യാപകമാകുന്ന ഫാറ്റിലിവർ രോഗ സാധ്യത കുറയ്ക്കാൻ മുരിങ്ങയില മികച്ചതാണെന്നാണ് ഗവേഷകരുടെ വാദം.വിറ്റാമിൻ എ, സി, ഇ എന്നിവയും കാൽസ്യം, പൊട്ടാസ്യം, അയൺ എന്നിവയും മുരിങ്ങയിലയിൽ ധാരാളമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. ആന്റിഓക്സിഡന്റുകളും, വിറ്റാമിൻ സി, ബീറ്റാകരോട്ടിൻ, അയൺ, കാൽസ്യം, ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയും ധാരാളമുണ്ട്. ഫാറ്റിലിവർ കൂടാൻ പ്രധാനകാരണം ഓക്സീകരണ സമ്മർദവും ഇൻഫ്ലമേഷനും ആയതുകൊണ്ട് ഈ പോഷകങ്ങൾ ഏറെ പ്രധാനമാണ്.
വിഷാംശങ്ങളും രോഗങ്ങളും ഉണ്ടാക്കുന്ന ക്ഷതങ്ങളിൽ നിന്ന് മുരിങ്ങയില കരളിനെ സംരക്ഷിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വിഷാംശങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയയ്ക്കും (detoxification) മുരിങ്ങയില സഹായിക്കും. കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിലെ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും മുരിങ്ങയില സഹായിക്കുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനം പറയുന്നു.മനുഷ്യരിൽ ഇതു സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണ്. മുരിങ്ങയില ഒരു ഔഷധമെന്നതിലുപരി ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു.
മുരിങ്ങയിലയുടെ ഗുണങ്ങൾ
ഓക്സീകരണസമ്മർദം
മുരിങ്ങയിലയിൽ ധാരാളമായടങ്ങിയ ആന്റിഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുകയും കരളിലെ കല (tissue) കളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഇൻസുലിൻ സംവേദനം
നോൺ ആൽഹോളിക് ഫാറ്റിലിവർ ഡിസീസിന്റെ (NAFLD) പ്രധാനകാരണങ്ങളിലൊന്നാണ് ഇൻസുലിൻ പ്രതിരോധം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും മുരിങ്ങയില സഹായിക്കുമെന്ന് മുൻ പഠനങ്ങളിൽ പറയുന്നു.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഏറെക്കാലം നീണ്ടുനിൽക്കുന്ന ഇൻഫ്ലമേഷൻ, ഫാറ്റിലിവറിനെ ഗുരുതരമായ നോൺ ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് (NASH) ആയി മാറ്റുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കാൻ മുരിങ്ങയില സഹായിക്കും.