ഓർമശക്തി വർധിപ്പിക്കാൻ ഡാഷ് ഡയറ്റ്
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നതിന് വികസിപ്പിച്ച DASH (Dietary Approaches to Stop Hypertension) ഡയറ്റ് മറവിരോഗ സാധ്യതയും കുറയ്ക്കുമെന്ന് പഠനം. ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഓർമശക്തിയെ ബാധിക്കുന്ന തകരാറുകൾ തടയാൻ ഡാഷ് ഡയറ്റ് ഫലപ്രദമാണെന്ന് കണ്ടെത്തിയത്.
എന്താണ് ഡാഷ് ഡയറ്റ്?
ഉയർന്ന രക്തസമ്മർദത്തെ പ്രതിരോധിക്കുന്നതിനായി പ്രത്യേകം വികസിപ്പിച്ചതാണ് ഡാഷ് ഡയറ്റ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇത് തലച്ചോറിൻ്റെ പ്രവർത്തനവുമായി അടുത്തു നിൽക്കുന്നു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം മറവിരോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇതെല്ലാം നിയന്ത്രിക്കാൻ ഡാഷ് ഡയറ്റ് ഫലപ്രദമാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഡാഷ് ഡയറ്റിൽ എന്തൊക്കെ കഴിക്കണം
ധാരാളം പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കുക.
ബ്രൗൺ റൈസ്, ഓട്സ്.
കൊഴുപ്പില്ലാത്തതോ കൊഴുപ്പ് കുറഞ്ഞതോ ആയ പാൽ ഉത്പ്പന്നങ്ങൾ.
കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ: മീൻ, ചിക്കൻ, പയർ വർഗങ്ങൾ
വിത്തുകൾ
ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ എണ്ണകൾ.
ഡാഷ് ഡയറ്റിൽ ഒഴിവാക്കേണ്ടത്
ഉപ്പ് ചേർത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ.
മധുരമുള്ള പാനീയങ്ങളും മധുരപലഹാരങ്ങളും.
ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ.
വറുത്ത ഭക്ഷണങ്ങൾ.
അമിതമായ മദ്യപാനവും രക്തസമ്മർദ്ദം വർധിപ്പിക്കും.