ചിക്കൻപോക്സ് ;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചൂട് കാലമായാൽ സംസ്ഥാനത്ത് ചിക്കൻപോക്സ് വ്യാപനത്തിൽ വളരെയധികം വർധനയാണ് ഉണ്ടാകുന്നത് . . ജനങ്ങൾ എപ്പോഴും ഒരു ഭീതിയുടെ നിഴലിൽ നിർത്തുന്ന ഒരു രോഗമാണ് ചിക്കൻ പോക്‌സ്. പൊതുവേ വേനൽക്കാലത്താണ് ചിക്കൻ പോക്സ് കൂടുതലായി കണ്ടുവരുന്നത്.വേരിസെല്ല സോസ്റ്റർ വൈറസ് '(varicella zoster virus) എന്ന വൈറസ് ആണ് ചിക്കൻപോക്സ് പടർത്തുന്നത്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായു മാർഗം വൈറസ് വളരെപ്പെട്ടെന്ന് തന്നെ അടുത്ത ആളിലേക്ക് പകരുന്നു. 10-21 ദിവസം വരെയാണ് രോഗത്തിന്റെ ഇൻക്യൂബെഷൻ കാലാവധി. അതായത് രോഗാണു ശരീരത്തിൽ കയറിക്കഴിഞ്ഞ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഏതാണ്ട് 21 ദിവസങ്ങൾ വരെ എടുക്കാം.
ചൊറിച്ചിലോടു കൂടിയ ചുവന്നു തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻ പോക്സിന്റെ പ്രധാന ലക്ഷണം. ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു മുൻപുതന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്. സാധാരണ ഗതിയിൽ ഒരിക്കഷ ചിക്കൻ പോക്സ് വന്നാൽ വീണ്ടും വരാനുള്ള സാധ്യത കുറവാണ്. വൈറസ് വീണ്ടും ശരീരത്തിലേക്ക് കടന്നുകയറിയാലും ശരീരം സ്വയം പ്രതിരോധിച്ച് നിർത്തും. അപൂർവമായി ചിലരിൽ വീണ്ടും വന്നേക്കാം.
ചിക്കൻ പോക്സും ചില മിത്തുകളും
ചിക്കൻപോക്സ് വന്നാൽ കുളിക്കാൻ പാടില്ല
കുളിക്കാതെയിരുന്നാൽ ശരീരത്തിൽ അസ്വസ്ഥകളും ചൊറിച്ചിലും കൂടുമെന്നു മാത്രമല്ല ചൊറിഞ്ഞു പൊട്ടിയ വൃണങ്ങൾ പഴുക്കാനുള്ള സാധ്യതയും കൂടുന്നു.
ദിവസവും കുളിക്കുന്നതാണ് ഉചിതം. സോപ്പ് ഉപയോഗിക്കാം തോർത്ത് ഉപയോഗിക്കുന്ന സമയത്ത് കുരുക്കൾ കഴിയുന്നതും പൊട്ടാതെ ഇരിക്കാൻ മൃദുവായ തുണി ഉപയോഗിക്കുകയും വെള്ളം ഒപ്പി എടുക്കുകയും ചെയ്യുന്നതിൽ ശ്രദ്ധിക്കാം.
ചിക്കൻപോക്സ് രോഗികൾ ഉപ്പ് തൊടരുത്
ഉപ്പു തീരെ ഒഴിവാക്കുന്നത് ശരീരത്തിൽ സോഡിയത്തിന്റെ അളവ് അപകടകരമായ രീതിയിൽ കുറയാൻ കാരണമാകും. ഇത് തലച്ചോറിൻ്റെ ഉൾപ്പെടെ ആരോഗ്യത്തെ ബാധിക്കാം. ഉപ്പിട്ട് കഞ്ഞിവെള്ളം, നാരങ്ങാവെള്ളം ഒക്കെ കുടിക്കുന്നത് ക്ഷീണം മാറാൻ സഹായിക്കും.
അണുബാധയെ തുരത്താൻ ശരീരത്തിന് ഊർജ്ജം വേണം. അതുകൊണ്ടു തന്നെ ആദ്യ ദിവസങ്ങളിൽ ലഘുവായ ചെറു ചൂടുള്ള ഭക്ഷണങ്ങളും, ഒപ്പം നല്ലതുപോലെ വെള്ളവും കുടിക്കണം. സാധാരണ വെള്ളവും, കഞ്ഞി വെള്ളവും, കരിക്കുംവെള്ളവും, സൂപ്പും ഒക്കെ കഴിക്കാം. പഴങ്ങളും സാലഡുകളും കഴിക്കണം. പനിയൊക്കെ ഒന്ന് കുറഞ്ഞു കഴിയുമ്പോൾ സാധാരണ രീതിയിൽ ഉള്ള ഭക്ഷണം കഴിക്കണം.
ചിക്കൻപോക്സ് കുരു പുറത്തേക്കു വന്നുപോയാൽ മാത്രമേ വീണ്ടും ഉണ്ടാവാതെ ഇരിക്കൂ
മുതിർന്നവരിൽ മരുന്നു കഴിച്ചില്ല എങ്കിൽ കുമിളകൾ കൊണ്ട് വടുക്കൾ ഉണ്ടാവുന്നതിന്റെ സാധ്യതകൾ കൂടും. മരുന്ന് കഴിക്കുന്നതിൻറെ പ്രധാന ലക്ഷ്യം ഗുരുതരമായ രോഗാവസ്ഥകൾ ഉണ്ടാവാതെ തടയുകയാണ്.
ചിക്കൻപോക്സ് വാക്സിൻ
രോഗപ്രതിരോധത്തിന് ഫലപ്രദമായ വാക്സിനുകൾ ഇന്ന് ലഭ്യമാണ്. കുട്ടികളിൽ 12-16 മാസത്തിനിടയിൽ ആദ്യ കുത്തിവെപ്പും 4-6 വയസിനിടയിൽ രണ്ടാം കുത്തിവെപ്പും നൽകും. മുതിർന്നവരിൽ രണ്ടു കുത്തിവെപ്പുകൾ ഒരു മാസം ഇടയിട്ടു നൽകാം.
രണ്ടു കുത്തിവെപ്പും എടുക്കുന്നവരിൽ അസുഖം വരാനുള്ള സാധ്യത വളരെ കുറവാണ്. ചെറിയ ഒരു ശതമാനം പേരിൽ രോഗം വന്നാൽ പോലും അതിൽ ഗുരുതരാവസ്ഥയിലെത്താൻ സാധ്യതയില്ല.