ടാറ്റൂവിലെ കറുത്ത മഷി അപകടസാധ്യത കൂട്ടുമെന്ന് പഠനം
ഇന്ന് ടാറ്റൂ ഒരു ഫാഷൻ പ്രതീകമായി മാറിയിരിക്കുകയാണ്. എന്നാൽ ടാറ്റൂവിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചില ഗുരുതരമായ ആരോഗ്യ അപകടസാധ്യതകളെക്കുറിച്ച് പല പഠനങ്ങളും വന്നിട്ടുണ്ട്. ഇപ്പോഴിതാ ടാറ്റൂ ചെയ്യുന്നത് കാഴ്ച ശക്തിയെ ബാധിക്കാമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള പഠനം.കണ്ണിനുണ്ടാകുന്ന വീക്കം അഥവാ യുവയൈറ്റിസ് പോലുള്ള അവസ്ഥയ്ക്ക് ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷി കാരണമാകുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇത് നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ കാഴ്ചശക്തിയെ തന്നെ ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
തൊലിപ്പുറത്ത് ചെയ്യുന്ന ടാറ്റൂ എങ്ങനെ കാഴ്ചയെ ബാധിക്കും!
നമ്മുടെ രോഗപ്രതിരോധ സംവിധാനമാണ് അതിന് കാരണം. ടാറ്റൂ ചെയ്യുമ്പോൾ മഷി (ഇങ്ക്) ചർമത്തിന്റെ തൊട്ടുതാഴെയുള്ള ഡെർമിസ് എന്ന ഭാഗത്ത് എത്തുന്നു. ശരീരം ഇതിനെ ബാഹ്യവസ്തുവായി തിരിച്ചറിയുന്നു, അതോടെ പ്രതിരോധ കോശങ്ങൾ സജീവമാകുന്നു. മാക്രോഫേജുകളും ഡെൻഡ്രിറ്റിക് കോശങ്ങളും ഈ ഇങ്ക് കണികകൾ ആഗിരണം ചെയ്യുകയും അതിനെ ലിംഫ് നോഡുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.ഈ നിലവിലായുള്ള ഉത്തേജനം പ്രതിരോധ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ കൂടിയേക്കാം. ചില സന്ദർഭങ്ങളിൽ, ഈ രോഗപ്രതിരോധ പ്രതികരണം തെറ്റായി കണ്ണുകളെ ലക്ഷ്യം വച്ചേക്കാം. ഇത് കണ്ണിന്റെ സംരക്ഷണ കവചത്തിന് വീക്കം ഉണ്ടാക്കാനും യുവയൈറ്റിസ് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.ലക്ഷണങ്ങൾ തിരിച്ചറിയുകയും നേരത്തെ തന്നെ രോഗനിർണയം നടത്തുകയും ചെയ്യുന്നത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും രോഗമുക്തി നേടാനും സാധിക്കും. ചികിത്സ വൈകിപ്പിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ
വലിയ ടാറ്റൂകൾ
കറുത്ത മഷി ഉപയോഗിക്കുന്നത്
ആർത്രൈറ്റിസ് അല്ലെങ്കിൽ സാർകോയിഡോസിസ് പോലുള്ള മുൻകാല രോഗപ്രതിരോധ അവസ്ഥകൾ ഉണ്ടെങ്കിൽ.ലെഡ്, ക്രോമിയം, കാഡ്മിയം തുടങ്ങിയ പദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള വിഷ ലോഹങ്ങളും രാസവസ്തുക്കളും ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കാമെന്നും ഗവേഷകർ നിരീക്ഷിച്ചു. ദീർഘകാല എക്സ്പോഷർ ആരോഗ്യ അപകട സാധ്യത കൂട്ടും.
എന്തൊക്കെ ശ്രദ്ധിക്കണം
നിങ്ങൾ ടാറ്റൂ ചെയ്തിട്ടുണ്ടെങ്കിൽ, പ്രത്യേകിച്ച് വലിതോ സമീപകാലത്തോ ആണ് ചെയ്തിട്ടുള്ളതെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
കണ്ണിന് ചുവപ്പോ വേനദനോ അനുഭവപ്പെടുന്നുണ്ടെങ്കിൽ
പെട്ടെന്നുള്ള കാഴ്ച മാറ്റങ്ങൾ
ലൈറ്റ് സെൻസിറ്റിവിറ്റി
ടാറ്റൂ ചെയ്ത സ്ഥലത്ത് വീക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.