ബംഗളുരുവിൽ മർദ്ദനമേറ്റ് യുവതി മരിച്ച സംഭവം ;നേരിട്ടത് ക്രൂര പീഡനം ,കൂടുതൽ വിവരങ്ങൾ പുറത്ത്

By :  Devina Das
Update: 2026-05-06 05:43 GMT

തൃശൂർ: ബംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ മലയാളി യുവതി മർദനമേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ മർദിച്ച ബംഗളൂരു സുളിബെലെയിൽ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്ണയുടെ മോശം പെരുമാറ്റം സഹിക്കാൻ വയ്യാതെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തൃശൂർ വാടാനപ്പള്ളി സ്വദേശിയായ നാൽപ്പത്തിയേഴുകാരിയും കൂടെയുള്ളവരും തീരുമാനിച്ചതാണ് പ്രതിയുടെ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുവതിയെ താൻ ഉപദ്രവിച്ചിട്ടുണ്ടെന്നും 'അവൾ ചത്തുകഴിഞ്ഞാൽ ബാക്കി നോക്കാം' എന്നും പറയുന്ന ദീപക് കൃഷ്ണൻ അയച്ച ഭീഷണി സന്ദേശം യുവതിയുടെ ഭർത്താവ് പൊലീസിനു കൈമാറിയിട്ടുണ്ട്.യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പൊലീസ് എഫ്‌ഐആറിൽ പറയുന്നു.അബോധാവസ്ഥയിലായ യുവതിയെ ബംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. കേസിലെ പ്രതിയായ ദീപക് കൃഷ്ണന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

തളിക്കുളത്തെ വീട്ടിൽ 160 തെരുവുനായ്ക്കൾക്ക് അഭയം നൽകുന്നവരായിരുന്നു മരിച്ച യുവതിയും ഭർത്താവും. ബംഗളൂരുവിൽ ദീപക് കൃഷ്ണൻ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ നടത്തുന്ന കേന്ദ്രത്തിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞാണ് യുവതി താൽപര്യം പ്രകടിപ്പിച്ചത്. മാസം 40,000 രൂപ നൽകാമെന്നു ദീപക് വാഗ്ദാനം ചെയ്തു. തുടർന്ന് ഏപ്രിൽ 17നാണ് യുവതി ബംഗളൂരുവിലേക്കു പോയത്.ബംഗളൂരുവിൽ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടിൽ 16 നായ്ക്കളാണുണ്ടായിരുന്നത്. തൃശൂരിൽനിന്നു തന്നെയുള്ള മറ്റ് രണ്ട് പെൺകുട്ടികളും യുവതിക്കൊപ്പം പോയിരുന്നു. എന്നാൽ, ദീപക് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ജോലി മതിയാക്കുകയാണെന്ന് ഇവർ അറിയിച്ചതായി യുവതിയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു.

ഇതോടെ ദീപക് യുവതികളെ ദേഹോപദ്രവമേൽപ്പിക്കാൻ തുടങ്ങി. നാട്ടിലേക്കു മടങ്ങുകയാണെന്ന് മേയ് മൂന്നിനു വൈകിട്ട് ഇവർ ദീപക്കിനെ അറിയിച്ചതിനുപിന്നാലെ ഇയാൾ യുവതിയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി. നിലത്തിട്ടു തലയിൽ ചവിട്ടി. മുടിയിൽ കുത്തിപ്പിടിച്ചു പലവട്ടം തല ഭിത്തിയിൽ ഇടിപ്പിച്ചു. യുവതി അബോധാവസ്ഥയിലായപ്പോൾ മറ്റു രണ്ടു പെൺകുട്ടികൾക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു പുറത്തേക്കു പോയി. ഇവർ പൊലീസിനെ അറിയിച്ചപ്പോൾ 2 പൊലീസുകാർ അന്വേഷിച്ചെത്തി പൂട്ടു തുറന്ന് അകത്തു കയറി. എന്നാൽ, പിന്നാലെ എത്തിയ ദീപക് മറ്റൊരു പൂട്ടിട്ട് പൊലീസുകാരെയടക്കം ഉള്ളിലിട്ടു പൂട്ടി. കൂടുതൽ പൊലീസ് സംഘമെത്തിയാണ് എല്ലാവരെയും പുറത്തെത്തിച്ചതും യുവതിയെ ആശുപത്രിയിലാക്കിയതെന്നും യുവതിയുടെ ഭർത്താവിന്റെ മൊഴിയിൽ പറയുന്നു.

Similar News