അമ്പൂരിയില്‍ അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

By :  Devina Das
Update: 2026-04-30 05:15 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകൻ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഘർഷത്തിനിടെ അമ്മാവൻ വർഗീസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ഷാനുവിന്റെ വിവാഹവാർഷികമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി മദ്യപാന സദസുകൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ആഘോഷ പരിപാടികൾക്ക് ശേഷം ഷാനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്‌നത്തിൽ ഇടപെട്ട ഷാനുവിന്റെ അമ്മയും അമ്മാവനും നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെ വർഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു.ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്റെ തലക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Similar News