പ്രശസ്തനാകണം ;മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി;പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ . പൊലിസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഭീഷണി സന്ദേശമെത്തിയത് . ആറ്റിങ്ങൽ, വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ സോണി തോമസാണ് (38) അറസ്റ്റിലായത്. കന്റോൺമെന്റ്് പൊലീസും സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇന്നലെ വൈകുന്നേരം 06.50-ഓടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പൊലിസ് കമാൻഡിംഗ് സെന്ററിലെ ഒഫീഷ്യൽ ഫോൺ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് പ്രതിയുടെ കോൾ എത്തിയത്. പലതവണ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ഇയാൾ ആവർത്തിക്കുകയായിരുന്നു.
പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ ഇഷ്ടമല്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തി മാധ്യമങ്ങളിലൂടെ പ്രശസ്തനാകാനാണ് താൻ ശ്രമിച്ചതെന്നും പ്രതി പൊലിസിനോട് സമ്മതിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.