പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷം ;സ്വർണവില ആഗോളവിപണിയിൽ കുതിച്ചുയരുന്നു ,കേരളത്തിൽ ഇടിവ്
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആഗോള വിപണിയിൽ വൻകുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തിൽ ഇടിവ് രേഖപ്പെടുത്തി സ്വർണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്.ആഗോള വിപണിയിൽ ഇന്ന് ഔൺസ് സ്വർണത്തിന് 5363 ഡോളറായി ഉയർന്നിട്ടുണ്ട്. ഡോളർ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയർന്നു. വെള്ളി 1.46 ഡോളർ വർധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികൾ അവധിയായിട്ടും കേരളത്തിൽ സ്വർണവില വർധിപ്പിച്ചതിനാലാണ് വ്യാപാരികൾക്ക് ഇന്ന് വില കുറയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് പവന് 2400 രൂപ കുറഞ്ഞത്.
കഴിഞ്ഞദിവസം സ്വർണവിലയിൽ വൻ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വർണവിലയിൽ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വർധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വർധിച്ചത്.