ദേശീയപാതകളിലെ ടോൾപ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ ഡിജിറ്റൽ ഇടപാടുകള്‍ മാത്രം
കൊച്ചി: ദേശീയപാതകളിലെ ടോൾപ്ലാസകളിൽ ഏപ്രിൽ ഒന്നു മുതൽ ഡിജിറ്റൽ ഇടപാടുകൾ മാത്രം. ടോൾ ഫീയായി പണം വാങ്ങുന്നത് ഏപ്രിൽ ഒന്നോടെ അവസാനിപ്പിക്കും. ഫാസ്ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും പിന്നീടുള്ള ടോൾ പിരിവ്. ടോൾ ഫീ പണമായി നൽകുന്നതു ടോൾ പ്ലാസകളിൽ തിരക്കിനു കാരണമാകുന്നതും ടോൾ പിരിവിൽ സുതാര്യതയില്ലെന്നതും ചൂണ്ടിക്കാട്ടിയാണു പൂർണമായും ഡിജിറ്റൽ പേയ്‌മെന്റിലേക്കു മാറുന്നത്. രാജ്യത്തെ 1150ൽ ഏറെ ടോൾപ്ലാസകളിലാണു മാറ്റം വരുന്നത്.നിലവിൽ 98% വാഹനങ്ങളും ഫാസ്ടാഗ് വഴിയാണു ടോൾ ഫീ നൽകുന്നത്. ഫാസ്ടാഗ് ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് ഉയർന്ന ഫീസും ചുമത്തുന്നുണ്ട്. പണമായി ഫീസ് അടയ്ക്കുന്നവർ ടോൾ ഫീയുടെ ഇരട്ടിത്തുക നൽകേണ്ടി വന്നിരുന്നു.
യുപിഐ വഴി നൽകുന്നവർ ടോൾ ഫീയുടെ 1.25 മടങ്ങാണു നൽകേണ്ടത്. ഉയർന്ന ഫീ ചുമത്തിയതോടെ കൂടുതൽ പേർ ഫാസ്ടാഗിലേക്കു മാറിയിരുന്നു.പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറുന്നതോടെ ഓരോ ടോൾപ്ലാസയിലും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ലഭിച്ച ഫീസും ഉൾപ്പെടെയുള്ള വിവരങ്ങൾ ദേശീയപാത അതോറിറ്റിക്കു നിരീക്ഷിക്കാനാകും. ദേശീയപാതയിലെ തിരഞ്ഞെടുത്ത ടോൾപ്ലാസകളിൽ വാഹനം നിർത്താതെ തന്നെ ഫീസ് ഈടാക്കാനുള്ള സംവിധാനവും പരീക്ഷണഘട്ടത്തിലാണ്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗിൽ നിന്നു ഫീ ഈടാക്കുന്ന സാങ്കേതികവിദ്യയും വികസിപ്പിക്കുന്നുണ്ട്. ഭാവിയിൽ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവിലേക്കുംമാറിയേക്കും.