ഏപ്രില്‍ 1 മുതല്‍ പുതിയ എടിഎം നിയമങ്ങള്‍
ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ എടിഎം നിയമങ്ങളിൽ മാറ്റം. എടിഎം ഇടപാടുകൾ, പണം പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
1. എച്ച്.ഡി.എഫ്.സി ബാങ്ക്
ഏപ്രിൽ 1 മുതൽ എടിഎമ്മുകളിൽ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഈ പരിധി കവിയുന്ന ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളിൽ നിന്ന് ഓരോ പിൻവലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും.
നിലവിൽ, സ്വന്തം അക്കൗണ്ട് ഉടമകൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ പിൻവലിക്കൽ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഇതര എടിഎമ്മുകളിൽ പ്രമുഖ ആറ് നഗരങ്ങളിൽ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളിൽ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.
2. പഞ്ചാബ് നാഷണൽ ബാങ്ക്
ഡെബിറ്റ് കാർഡുകൾ വഴിയുള്ള പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ പി.എൻ.ബി മാറ്റം വരുത്തിയിട്ടുണ്ട്. കാർഡിന്റെ തരം അനുസരിച്ച് പ്രതിദിനം 50,000 രൂപ മുതൽ 75,000 രൂപ വരെ മാത്രമേ ഇനി പിൻവലിക്കാൻ സാധിക്കൂ. മുമ്പ് ഒരു ലക്ഷം രൂപ വരെ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്ന ചില കാർഡുകളുടെ പരിധി സുരക്ഷാ കാരണങ്ങളാൽ കുറച്ചിട്ടുണ്ട്.
3. ജിയോ പേയ്മെന്റ് ബാങ്ക്
പണം പിൻവലിക്കാൻ പുതിയ ക്യു.ആർ കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്പോണ്ടന്റുകൾ വഴി യുപിഐ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം. ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകൾ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിൽ 5 സൗജന്യ ഇടപാടുകൾ വരെ ലഭിക്കും. പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജും ഏപ്രിൽ 1 മുതൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതൽ 500 രൂപ വരെയാണിത്. പ്രീമിയം കാർഡുകൾക്ക് ചാർജ് വീണ്ടും കൂടും.