ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് ഗോള്‍ഡ് ലോണിനേക്കാള്‍ ലാഭകരമോ?

By :  Devina Das
Update: 2026-01-25 09:32 GMT

അടിയന്തരമായി പണത്തിന് ആവശ്യം വന്നാൽ സ്വർണം പണയം വെയ്ക്കുന്നവർ നിരവധിപ്പേരുണ്ട്. സ്വർണത്തിന് മേൽ വായ്പ എടുക്കുമ്പോൾ രണ്ട് സ്‌കീമുകളാണ് മുന്നിൽ ഉള്ളത്. ഗോൾഡ് ലോണും ഗോൾഡ് ഓവർഡ്രാഫ്റ്റുമാണ് ഈ സ്‌കീമുകൾ.

അടിയന്തരമായി പണം ആവശ്യമായി വരുമ്പോൾ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് സ്വർണ പണയമാണ്. നടപടിക്രമങ്ങളിലെ എളുപ്പമാണ് ഇതിന് പ്രധാന കാരണം. എന്നാൽ, എവിടെ നിന്ന്, എങ്ങനെ വായ്പ എടുക്കുന്നു എന്നത് ലാഭ നഷ്ട കണക്കിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വായ്പ എടുക്കുന്ന രീതിയിലെ ചെറിയ മാറ്റം പോലും തിരിച്ചടവിൽ വലിയ ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഏത് തെരഞ്ഞെടുക്കണം?

ഒരു തവണ മാത്രം പണം ആവശ്യമുള്ളവർക്കും, തിരിച്ചടവിൽ കൃത്യമായ ഘടന ഇഷ്ടപ്പെടുന്നവർക്കും ഗോൾഡ് ലോൺ ആണ് സുരക്ഷിതമായ മാർഗ്ഗം. അതേസമയം, എപ്പോഴും പണം ആവശ്യമായി വരികയും, തിരിച്ചടവ് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുണ്ടെങ്കിൽ മാത്രം ഗോൾഡ് ഓവർഡ്രാഫ്റ്റ് പരിഗണിക്കാം.

മറഞ്ഞിരിക്കുന്ന അപകടസാധ്യത

ഗോൾഡ് ഓവർഡ്രാഫ്റ്റ് എടുക്കുമ്പോൾ ഉപയോക്താക്കൾ ശ്രദ്ധിക്കാത്ത ഒരു പ്രധാന അപകടസാധ്യതയുണ്ട്. സ്വർണ്ണവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഓവർഡ്രാഫ്റ്റ് സൗകര്യത്തെ നേരിട്ട് ബാധിക്കും. സ്വർണ്ണവില കുറഞ്ഞാൽ, ബാങ്ക് പണയം വെച്ച സ്വർണ്ണം വീണ്ടും മൂല്യനിർണ്ണയം നടത്തും. 'ലോൺ-ടു-വാല്യൂ' (LTV) അനുപാതം (സാധാരണയായി 75%) നിലനിർത്താൻ, ഓവർഡ്രാഫ്റ്റ് എടുത്തവരോട് ബാങ്ക് ഉടൻതന്നെ കുറച്ച് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടാം. പലിശ മാത്രം അടച്ചുപോവുകയും പ്രിൻസിപ്പൽ തുക തിരിച്ചടയ്ക്കാത്തവർക്ക് ഈ സാഹചര്യം വലിയ സമ്മർദ്ദമാകും. അപ്രതീക്ഷിതമായി തുക കണ്ടെത്തേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.

Similar News