സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,080 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. 1,15,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3240 രൂപയാണ് ഇടിഞ്ഞത്.ആഗോള വിപണിയിൽ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇറാൻ യുദ്ധത്തെ തുടർന്നുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ കേന്ദ്രസർക്കാർ നടപടിയും സ്വർണത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിന് പുറമേ അമേരിക്കൻ ഡോളർ കൂടുതൽ ശക്തിയാർജിക്കുമെന്ന പ്രവചനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അത്തരത്തിൽ ഒരു തീരുമാനം വന്നാൽ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലും സ്വർണത്തിന് വിനയായിട്ടുണ്ട്.