സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു

By :  Devina Das
Update: 2026-04-02 09:59 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചുകയറിയിരുന്ന സ്വർണവിലയിൽ ഇന്ന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,11,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില തിരിച്ചുകയറാൻ കാരണം. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം തുടരുമെന്ന് സൂചന നൽകി ട്രംപ് നടത്തിയ പ്രസ്താവനയെ തുടർന്ന് ഇന്ന് എണ്ണ വില കുതിച്ചുയർന്നിരിക്കുകയാണ്. അഞ്ചുശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 106.3 ഡോളറായി വർധിച്ചിരിക്കുകയാണ്. ഇതാണ് സ്വർണവില കുറയാൻ കാരണമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Similar News