സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകർത്ത് സ്വർണ്ണവിലയുടെ കുതിപ്പ് തുടരുന്നു

By :  Devina Das
Update: 2026-01-21 09:00 GMT

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ മൂന്നു തവണകളായി പവന് 3,160 രൂപ വർധിച്ച സ്വർണവില ഇന്ന് രണ്ടു തവണകളായി 5480 രൂപയാണ് വർധിച്ചത്. 1,15,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ പുതിയ വില.മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 15000 രൂപയിലധികമാണ് വർധിച്ചത്.

രണ്ടുദിവസത്തെ കണക്ക് നോക്കിയാൽ ഏകദേശം 8500ലധികം രൂപയാണ് കൂടിയത്. ഗ്രാമിന് ഇന്ന് രണ്ടു തവണകളായി 685 രൂപയാണ് കൂടിയത്. 14,415 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ പുതുക്കിയ വില.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഗ്രീൻലാൻഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയിൽ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഇപ്പോഴും ഉയർന്നുനിൽക്കാൻ കാരണം.

Similar News