സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു;പവന് ഒറ്റയടിക്ക് 4360 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് പുതിയ സ്വർണവില. സ്വർണവില ഒരു ലക്ഷത്തിൽ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. മൂന്നാഴ്ചയ്ക്കിടെ പവന് 24,000 രൂപയാണ് കുറഞ്ഞത്.ഗ്രാമിന് ആനുപാതികമായി 545 രൂപയാണ് കുറഞ്ഞത്. 12,835 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വർണവില.
ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ വൻകുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതാണ് സ്വർണവില ഒരു ലക്ഷം കടന്നു കുതിക്കാൻ കാരണം. എന്നാൽ ഡോളർ ശക്തിയാർജിച്ചതും അമേരിക്കയിൽ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തൽ അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോൾ സ്വർണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.