സ്വർണ്ണവില 1,05,000ലേക്ക് കടന്നു

By :  Devina Das
Update: 2026-03-25 09:24 GMT

കൊച്ചി: ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വർണവിലയിൽ ചാഞ്ചാട്ടം. രാവിലെ പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. എന്നാൽ ഉച്ചയോടെ തിരിച്ചുകയറുകയായിരുന്നു. 1880 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,800 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 235 രൂപയാണ് വർധിച്ചത്. 13,100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.മാസങ്ങൾക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വർണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളിൽ എത്തിയത്. തുടർന്ന് രാത്രിയോടെ വീണ്ടും ഉയർന്ന് 1,05,000ന് മുകളിൽ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയിൽ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വർണവില തിരിച്ചുകയറിയത്. തുടർന്ന് ഇന്ന് രാവിലെ വില കുറയുകയായിരുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചർച്ച നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളെ തുടർന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വർണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കി എണ്ണവില ബാരലിന് 110 ഡോളർ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില താഴ്ന്നത്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ വൻകുതിപ്പ് നടത്തിയ സ്വർണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതാണ് സ്വർണവില ഒരു ലക്ഷം കടന്നു കുതിക്കാൻ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Similar News