അക്ഷയതൃതീയ ദിനത്തിൽ മികച്ച സ്വർണ വിൽപന

By :  Devina Das
Update: 2026-04-20 08:49 GMT

കൊച്ചി: സ്വർണ്ണവില പവന് ഒരു ലക്ഷം രൂപയ്ക്കു മുകളിലായി നിൽക്കുമ്പോഴും അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങാൻ തിരക്ക് കൂട്ടി മലയാളികൾ .കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപന വരുമാനത്തിൽ വർധനയുണ്ടായെങ്കിലും ഇത്തവണ സ്വർണവില കൂടി നിൽക്കുന്നതിനാൽ വിൽപന നടന്ന സ്വർണത്തിന്റെ അളവിൽ കുറവു വന്നിട്ടുണ്ട്. ഇന്നലെ വൈകിട്ടുവരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 1260 കോടിരൂപയുടെ സ്വർണ വ്യാപാരമാണ് അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് നടന്നത്. 900 കിലോ ഗ്രാം സ്വർണം വിൽപന നടന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ പാലത്ര പറഞ്ഞു. കഴിഞ്ഞവർഷം 1200 കോടി രൂപയുടെ വിൽപന നടന്ന അക്ഷയതൃതീയ ദിനത്തിൽ സ്വർണം ഗ്രാമിന് 8980 രൂപയായിരുന്നു വിലയെങ്കിൽ ഇന്നലെ 14,280 രൂപയാണ്. സ്വർണത്തിന് വില ഇനിയും കൂടാനുള്ള സാഹചര്യമുള്ളതിനാൽ നിക്ഷേപമെന്ന നിലയിലും ആളുകൾ സ്വർണം വാങ്ങാനെത്തി. മൂന്നുലക്ഷത്തോളം ഉപഭോക്താക്കൾ അക്ഷയ തൃതീയ ദിനത്തിൽ വ്യാപാരശാലകളിൽ എത്തിയതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

Similar News