സിംഹാസനം സ്വന്തമാക്കാൻ അവകാശികളില്ല ;പുരുഷന്മാരെ ദത്തെടുക്കാനൊരുങ്ങി ജപ്പാൻ രാജകുടുംബം

By :  Devina Das
Update: 2026-06-15 11:22 GMT

ടോക്കിയോ : ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ജപ്പാനിലെ രാജകുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അകന്ന ബന്ധത്തിലുള്ള പുരുഷന്മാരായ ബന്ധുക്കളെ ദത്തെടുക്കാൻ നിർദേശം.

ജപ്പാനിലെ നിയമ നിർമാണ സഭയാണ് ദത്തെടുക്കാൻ അനുവദിക്കുന്ന പുതിയ നിർദേശം മുന്നോട്ടുവച്ചത്. രാജകുടുംബത്തിൽ പുരുഷ അംഗങ്ങളുടെ എണ്ണവും പുരുഷന്മാരായ അവകാശികളുടെ എണ്ണവും കുറയുന്നതാണ് പുതിയ തീരുമാനത്തിനു കാരണം.നിലവിൽ രാജകുടുംബത്തിൽ 16 അംഗങ്ങളാണുള്ളത്. 5 പുരുഷന്മാരും 11 സ്ത്രീകളും. 1947 ലെ ഇംപീരിയൽ രാജ്യകുടുംബ നിയമപ്രകാരം പുരുഷന്മാർക്ക് മാത്രമേ ക്രിസന്തമം എന്ന സിംഹാസനത്തിനു അവകാശമുള്ളൂ. ജപ്പാനിലെ നിലവിലെ ചക്രവർത്തിയായ നരുഹിതോയ്ക്ക് രാജകുമാരിയായ ഐക്കോ എന്ന ഒരു മകൾ മാത്രമാണുള്ളത്. ഐകോ രാജകുടുംബത്തിനു പുറത്തുനിന്നുള്ളയാളെ വിവാഹം ചെയ്താൽ അവർക്ക് സിംഹാസനം നഷ്ടമാകും. അങ്ങനെ വന്നാൽ രാജകുമാരിക്ക് രാജകുടുംബാംഗ പദവിയും നഷ്ടമാകും.

പിന്തുടർച്ചാവകാശത്തിനായി, നരുഹിതോയുടെ ഇളയ സഹോദരനും കിരീടാവകാശിയുമായ അകിഷിനോ (60), അദ്ദേഹത്തിന്റെ മകൻ പ്രിൻസ് ഹിസാഹിറ്റോ (19), പ്രിൻസ് ഹിറ്റാച്ചി (90) എന്നിവരുൾപ്പെടെ മൂന്ന് പേർ മാത്രമേ നിലവിൽ യോഗ്യരായുള്ളൂ.ചില ജാപ്പനീസ് ഉദ്യോഗസ്ഥരും നിരൂപകരും ആക്ടിവിസ്റ്റുകളും പുരുഷ ബന്ധുക്കളുടെ ദത്തെടുക്കലിനെ എതിർത്തിരുന്നു. സ്ത്രീകളെ ചക്രവർത്തിമാരായി ഭരിക്കാൻ അനുവദിച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എമ്പ്രസ്സ് ഗോ-സകുറമാച്ചി പോലുള്ള നേതാക്കൾ അധികാരം വഹിച്ച മുൻകാലങ്ങളിൽ സ്ത്രീകൾ സിംഹാസനത്തിൽ ഇരുന്നിട്ടുണ്ട്. ആ ചരിത്രം നിലനിൽക്കെ ആധുനിക കാലത്ത് പുരുഷ പിന്തുടർച്ച വേണ്ടമെന്നു ശഠിക്കുന്ന തീരുമാനത്തിനെതിരെ വലിയ ജനരോഷം ഉയർന്നിട്ടുണ്ട്. രാജകുമാരി ഐക്കോയ്ക്ക് വലിയ ജനപ്രീതിയാണ് ജപ്പാനിലുള്ളത്. ഐക്കോയെ അടുത്ത ചക്രവർത്തിയായി വാഴ്ത്തണമെന്നും അഭിപ്രായങ്ങളുണ്ട്.എന്നാൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി പുരുഷവംശത്തിലൂടെയുള്ള പിന്തുടർച്ചാ സമ്പ്രദായം നിലനിർത്തണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാൽ അകന്ന ബന്ധത്തിലുള്ള പുരുഷ ബന്ധുക്കളെ ദത്തെടുക്കുന്ന നിർദേശത്തിന് സർക്കാർ പിന്തുണ ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.2019 മെയ് 1 നാണ് നിലവിലെ ചക്രവർത്തി നരുഹിതോയെ ക്രിസന്തമം സിംഹാസനത്തിൽ സ്ഥാനാരോഹണം ചെയ്തത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സാമ്രാജ്യത്വ പരമ്പരയിലെ 126-ാമത്തെ ചക്രവർത്തിയാണ് അദ്ദേഹം.

Similar News