'ഇന്നിസൈ പാടി വരും...' രുക്കുവും കുട്ടിയും ;പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ
തമിഴകത്തെ എക്കാലത്തെയും ഹിറ്റ് ജോഡിയായിരുന്നു വിജയ്‌യും സിമ്രാനും. ഇരുവരും ഒരുമിച്ചെത്തിയഎവർഗ്രീൻ റൊമാന്റിക് എന്നറിയപ്പെട്ട 'തുള്ളാത മനവും തുള്ളും' എന്ന ചിത്രത്തിന് ഇന്നും വളരെയേറെ ആരാധകരുണ്ട് . വർഷങ്ങൾക്ക് ശേഷം തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ പ്രിയ സുഹൃത്ത് വിജയ്‍യെ കാണാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി സിമ്രാനിപ്പോൾ.വിജയ്‌യുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സിമ്രാനൊപ്പം ഭർത്താവ് ദീപക് ബഗ്ഗയും മക്കൾ അദീപ്, ആദിത് എന്നിവരുമുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ സിമ്രാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. "വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്‌ക്രീൻ സ്പേസ് പങ്കിട്ടപ്പോൾ.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ എന്റെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തെ ഇത്രയധികം ആളുകൾക്ക് പ്രിയങ്കരനാക്കിയ ഊഷ്മളതയും, വിനയവും, ആത്മാർത്ഥതയും അതേപടി തുടരുന്നു! സംസ്ഥാനത്തിന്റെ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കാഴ്ചപ്പാടും പ്രചോദനകരമാണ്. തമിഴ്നാടിനെ മുന്നോട്ട് നയിക്കുമ്പോൾ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''. - എന്നാണ് ചിത്രങ്ങൾക്കൊപ്പം സിമ്രാൻ കുറിച്ചത്.നിരവധി ആരാധകരാണ് സിമ്രാന്റെ കമന്റ് ബോക്സിലെത്തിയിരിക്കുന്നത്. 'തുള്ളാത മനവും തുള്ളും ജോഡിയുടെ റീയൂണിയൻ' എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. സിനിമാ രംഗത്തെ വിജയ്‌യുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാൾ കൂടിയാണ് സിമ്രാൻ. മുൻപ് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു വേദിയിൽവെച്ച് വിജയ് അപമാനിക്കപ്പെട്ടിരുന്നു.2013-ൽ ഇന്ത്യൻ സിനിമയുടെ 100 വർഷാഘോഷ പരിപാടികൾ നടക്കുമ്പോഴായിരുന്നു സംഭവം. അന്ന് ക്ഷണിക്കപ്പെട്ട് പരിപാടിയിലേക്കെത്തിയ വിജയ്ക്ക് ലഭിച്ചത് മോശം സ്വീകരണമാണ്. വളരെ പിന്നിലായാണ് അദ്ദേഹത്തിന് ഇരിപ്പിടമൊരുക്കിയതും.അത്ര വലിയ പ്രശ്‌നങ്ങളുണ്ടായപ്പോൾ, അധികമാരും വിജയ്‌ക്കൊപ്പം നിന്നില്ല. അന്ന് അദ്ദേഹത്തെ പിന്തുണച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് സിമ്രാൻ. അതേസമയം ഇരുവരും ഇതുവരെ ആറ് സിനിമകളിലാണ് ഒന്നിച്ചഭിനയിച്ചത്. നേർക്കുനേർ, വൺസ് മോർ, തുള്ളാത മനവും തുള്ളും, യൂത്ത്, ഉദയ, പ്രിയമാനവളേ എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.