മുഖ്യമന്ത്രി ആര്?കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്

By :  Devina Das
Update: 2026-05-07 04:51 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തുടരുന്നതിനിടെ ബുധനാഴ്ച കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചു. ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച 10.30ന് കെപിസിസി ആസ്ഥാനത്താണ് ആദ്യ പാർലമെന്ററി പാർട്ടി യോഗം ചേരുക. വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്.തുടർന്ന് എംഎൽഎമാർക്ക് നിരീക്ഷകരെ കാണാനുള്ള അവസരമുണ്ടാകും. ഹൈക്കമാൻഡ് നിരീക്ഷകർ ഓരോരുത്തരെ നേരിൽ കാണും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗത്തിൽ പാസാക്കും. എംഎൽഎമാരുടെ അഭിപ്രായം ചോദിക്കുമെങ്കിലും അത് മാത്രമല്ല മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് ആധാരമാക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൊതുജനാഭിപ്രായം, ഘടകകക്ഷികളുടെ സ്വീകാര്യത, മുന്നണിയെ നയിക്കാനുള്ള കാര്യക്ഷമത, ഭരണപരിചയം തുടങ്ങി വിവിധവശങ്ങൾ കണക്കിലെടുത്തായിരിക്കും ഹൈക്കമാൻഡ് തീരുമാനം.അതിനിടെ മല്ലികാർജുൻ ഖാർഗെ, എ.കെ ആന്റണി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയേക്കും. വ്യാഴാഴ്ച തന്നെ കൂടിക്കാഴ്ച പൂർത്തിയാക്കാനാണ് ശ്രമം. ഇവർ ഡൽഹിയിലെത്തി എഐസിസിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെ വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരെ ഡൽഹിക്ക് വിളിപ്പിക്കും. നിരീക്ഷകരുടെ റിപ്പോർട്ടിന് പുറമേ, സ്ഥാനാർഥി നിർണയത്തിൽ സ്വീകരിച്ചതിന് സമാനമായി ജനവികാരം മനസ്സിലാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഹൈക്കമാൻഡ് നടപടികൾ പൂർത്തിയാക്കി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Similar News