വ്‌ളാഡിമിര്‍ പുടിൻ ചൈനയില്‍; 40 കരാറുകളില്‍ ഒപ്പുവെക്കും

By :  Devina Das
Update: 2026-05-20 07:43 GMT

ബീജിങ്:ട്രംപിന്റെ സന്ദർശനത്തിന് പിന്നാലെ  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ചൈനയിലെത്തിയത്.ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ നിയന്ത്രണങ്ങൾ, യുക്രൈൻ യുദ്ധം തുടങ്ങിയ ആഗോള രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. കൂടാതെ ഊർജ സുരക്ഷ, പുതിയ സൈബീരിയൻ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി എന്നിവയുൾപ്പെടെയുള്ള നാൽപ്പതോളം പുതിയ ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ ചൈനീസ് പര്യടനം എന്നതുകൊണ്ട് തന്നെ ഇതിന് വലിയ അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ സന്ദർശനം. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിൽ റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാക്കാൻ ഈ കൂടിക്കാഴ്ച വഴിതുറക്കും.

Similar News