അജിത് ഡോവൽ പഴവങ്ങാടിയിൽ; ചിപ്സ് വാങ്ങി, 'മഹാ' വൈറലായി!
Viral video of Ajit Doval shopping at Maha Chips
തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തലസ്ഥാനത്ത് ഒരു രഹസ്യ സന്ദർശനം നടത്തിയതിന് പിന്നാലെ നഗരത്തിലെ ഒരു പ്രശസ്ത കട വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ മാസം 22, 23 തീയതികളിലാണ് അജിത് ഡോവൽ തിരുവനന്തപുരത്തെത്തിയത്. ഐഎസ്ആർഒയുടെ ഉപഗ്രഹ വിക്ഷേപണ പരാജയവുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു പ്രധാന ദൗത്യമെന്നാണ് വിവരം. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തി ശാസ്ത്രജ്ഞരുമായി ചർച്ചകളും നടത്തി.
ഈ സന്ദർശനത്തിനിടയിൽ 23ന് രാവിലെ എട്ടുമണിയോടെ പഴവങ്ങാടിയിലെ പ്രശസ്തമായ 'മഹാ ചിപ്സ്' കടയിലാണ് ഡോവലും സംഘവും എത്തിയത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനടുത്തുള്ള ഈ കട തിരുവനന്തപുരത്തുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണ്.
സാധാരണയായി രാവിലെ ഒമ്പതുമണിക്ക് തുറക്കുന്ന കട, ശബരിമല സീസൺ കാരണം എട്ടുമണിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് തിരക്ക് കുറവായിരിക്കുമെന്ന് മനസ്സിലാക്കിയാകണം ഡോവൽ എത്തിയതെന്ന് കടയിലെ ജീവനക്കാർ പറയുന്നു. ചിപ്സിനൊപ്പം മറ്റ് പലഹാരങ്ങളും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.
പഴവങ്ങാടിക്ക് പുറമെ വെള്ളയമ്പലം, കിഴക്കേകോട്ട, തമ്പാനൂർ തുടങ്ങിയ സ്ഥലങ്ങളിലും മഹാ ചിപ്സിന്റെ ഔട്ട്‌ലെറ്റുകളുണ്ട്. ചിപ്സിനൊപ്പം ബോളി, തെരളി പോലുള്ള തിരുവനന്തപുരത്തിന്റെ പ്രത്യേക പലഹാരങ്ങളും പായസങ്ങളും ഇവിടെ ലഭ്യമാണ്.
ഈ അപ്രതീക്ഷിത സന്ദർശനവും സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ 'മഹാ ചിപ്സ്' ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്!