മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ വാഹനങ്ങൾ നിരസിച്ച് വിജയ്

By :  Devina Das
Update: 2026-05-07 11:10 GMT

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ഗവർണർക്ക് മുന്നിൽ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, തനിക്ക് അനുവദിച്ച ഔദ്യോഗിക സുരക്ഷാ വാഹനങ്ങൾ നിരസിച്ച് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നത് വരെ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ആവിശ്യമില്ലെന്ന് വിജയ് വ്യക്തമാക്കി . തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്ക് ലഭിക്കേണ്ട സുരക്ഷാ സജ്ജീകരണങ്ങളും വാഹനവ്യൂഹവും പോലീസ് വിജയിയുടെ വസതിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇവ അദ്ദേഹം വ്യക്തിപരമായ താല്പര്യപ്രകാരം മടക്കി അയക്കുകയായിരുന്നു.തിരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മേയ് 4-നാണ് നാല് ഔദ്യോഗിക വാഹനങ്ങൾ ഉൾപ്പെട്ട വ്യൂഹം വിജയിക്ക് അനുവദിച്ചത്. എന്നാൽ, "വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക സുരക്ഷ സ്വീകരിക്കുകയുള്ളൂ" എന്ന് വിജയ് വ്യക്തമാക്കുകയായിരുന്നു .

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണാൻ രാജ്ഭവനിൽ എത്തിയപ്പോഴും വിജയ് സർക്കാർ വാഹനം ഉപയോഗിച്ചിരുന്നില്ല. തന്റെ പനയൂരിലെ വസതിക്കും രാജ്ഭവനും മുന്നിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഔദ്യോഗിക ആനുകൂല്യങ്ങൾ പദവി ഏറ്റെടുത്ത ശേഷം മതി എന്ന കർശന നിലപാടിലാണ് താരം. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിവില്ലാത്ത ഈ ലളിതമായ ശൈലി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

Similar News