ലൈംഗിക കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം ;പോലീസിന് നിർദേശവുമായി വിജയ്
ചെന്നൈ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉടനടി കേസെടുക്കണമെന്നും , വേഗത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്നാട് മുഖ്യമന്ത്രി വിജയ് പൊലീസിന് നിർദ്ദേശം നൽകി.കോയമ്പത്തൂരിൽ പത്ത് വയസ്സുകാരി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, മുതിർന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വിചാരണ നടപടികൾ വേഗത്തിലാക്കാനും, മുൻകരുതൽ നടപടികൾ ഉറപ്പാക്കാനും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അവബോധം വളർത്താനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ഹീനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കർശനമായി നേരിടണമെന്നും മറ്റുള്ളവർക്കു പാഠമാകുംവിധം കഠിന ശിക്ഷ പ്രതികൾക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി എം സായികുമാർ, ആഭ്യന്തര സെക്രട്ടറി കെ മണിവാസൻ, അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ, സാമൂഹികക്ഷേമ - വനിതാ അവകാശ വകുപ്പ് സെക്രട്ടറി മറിയം പല്ലവി ബൽദേവ്, ഡിജിപി സന്ദീപ് റോയ് റാത്തോഡ് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ടിവികെ സർക്കാരിന്റെ ഭരണത്തിൽ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് അവലോകന യോഗം ചേർന്നത്. കൊലപാതകങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും വർധിക്കുന്നതിൽ പ്രധാന പ്രതിപക്ഷമായ ഡിഎംകെ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.