വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പുകഴ്ത്തി വെള്ളാപ്പള്ളി

By :  Devina Das
Update: 2026-05-06 07:45 GMT

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിൽ ഒരാളായ വി ഡി സതീശന് ലീഗിന്റെ ഒത്താശ ഉണ്ട്. കേരളത്തിൽ സുനാമിയാണ് സംഭവിച്ചത്. അതിൽ യുഡിഎഫിന് പ്രതീക്ഷിക്കാത്ത വിജയമാണ് ലഭിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.'കെ സി വേണുഗോപാൽ മിടുക്കനാണ്. കെ സി പ്രഗത്ഭൻ ആണ്. ഇന്ത്യയിൽ അതികായനാണ്. ഇന്ത്യയിൽ കോൺഗ്രസിനെ എങ്ങനെ നയിക്കണമെന്ന് തീരുമാനിക്കാൻ അധികാരമുള്ള ആളാണ് കെ സി. സോണിയാ ഗാന്ധിയും പ്രസിഡന്റും കഴിഞ്ഞാൽ കോൺഗ്രസിൽ മൂന്നാമത്തെ സ്ഥാനത്താണ്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കോൺഗ്രസിൽ വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ഒരുപാട് എംഎൽഎമാരെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ തർക്കം വന്നപ്പോൾ അദ്ദേഹം ഇടപെട്ടു.

അങ്ങനെ ഒറ്റ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. നല്ല നേതൃഗുണം ഉണ്ട്. അദ്ദേഹത്തിന് അവിടെ ഇരുന്നാലും കേരളം ഭരിക്കാൻ സാധിക്കും. എന്നാൽ അദ്ദേഹം വരുമോ എന്ന് സംശയമാണ്. ഇത് കൊച്ചു കേരളം. ഇവിടെ കറുകപ്പുല്ല് മാത്രമേ തിന്നാനുള്ളൂ. ഇന്ത്യയിൽ എത്രയോ കരിമ്പിൻ തോട്ടങ്ങളാണ് ഉള്ളത്. ആ കരിമ്പിൻ തോട്ടങ്ങളെല്ലാം തിന്നാൻ ഉള്ളപ്പോൾ ഈ കറുകപ്പുല്ല് തിന്നാനായിട്ടുണ്ട് ഇവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനെ കുറച്ചു കാണുകയല്ല. എംഎൽഎമാരിൽ മഹാഭൂരിപക്ഷവും എംപിമാരിൽ മഹാഭൂരിപക്ഷവും വേണുഗോപാലിന്റെ കൂടെയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപ്പി കെ സിയാണ്. കാരണം ഫണ്ടിങ്, പണം വലിയൊരു ഘടകമാണ്. ഫണ്ട് കൊടുത്ത് കോൺഗ്രസുകാരെ ജയിപ്പിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആളാണ്.'- വെള്ളാപ്പള്ളി പറഞ്ഞു.'ചെന്നിത്തല ഏറെ പരിചയമുള്ള ആളാണ്. പ്രവർത്തന പരിചയമുള്ള ആളാണ്. മെയ്‌വഴക്കമുള്ള ആളാണ്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാൻ നയചാതുരിയുള്ള ആളാണ് ചെന്നിത്തല. അദ്ദേഹത്തിന്റെ ജൂനിയർ ആയി ഇരുന്ന ആളുകളാണ് ഇന്ന് വലിയ നേതാക്കളായി മാറിയത്. ഇതിൽ ആര് വേണമെന്ന് തിരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. ഹൈക്കമാൻഡ് തീരുമാനം അനുസരിച്ച് യുക്തമായ ആൾ വരട്ടെ. ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം ഞാൻ ആണ് എന്ന് പറയുന്നത് ലീഗ് ആണ്. ഞാൻ മുസ്ലീം വിരോധിയല്ല. മുസ്ലീങ്ങളെ എതിർത്തിട്ടുമില്ല. ഞാൻ കൂടിയത് കൊണ്ടാണ് പിണറായി തോറ്റ് പോയത് എന്ന് പറയുന്നത് പിണറായി വിരോധികളാണ്. സമുദായത്തെ നശിപ്പിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. എന്നാൽ എസ്എൻഡിപി യോഗത്തെ തകർക്കാനോ തളർത്താനോ ഒരു പാർട്ടിക്കും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള നല്ലവർ അവിടെയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് എന്തുമാത്രം വോട്ടു കിട്ടി. ജാതിയും മതവും നോക്കാതെ എല്ലാവരും ഒന്നിച്ച് വോട്ട് ചെയ്തത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കിട്ടിയത്. അത് മുസ്ലീം വോട്ട് മാത്രമല്ല. കുഞ്ഞാലിക്കുട്ടി ഒരു തീവ്രവാദിയൊന്നുമല്ല. എല്ലാവർക്കും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മാന്യനാണ്. ഇതിൽപ്പെട്ട മറ്റു പലരും അങ്ങനെയല്ല. കെ എം ഷാജി തീവ്രവാദിയാണ്. പരസ്യമായി മതമാണ് മതമാണ് എന്ന് പറയുകയും ഒൻപത് വർഷം നഷ്ടപ്പെട്ടത് അകത്തുകയറി എടുക്കുമെന്ന് പറയുകയും ചെയ്യുന്നത് മിതവാദികൾ പറയുന്ന ഭാഷയാണോ?'- വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയാൽ രാജിവെയ്്ക്കുമെന്ന് പറഞ്ഞ കാര്യം മാധ്യമപ്രവർത്തകർ ഓർമ്മിപ്പിച്ചപ്പോൾ അങ്ങനെ പലതും പറഞ്ഞു കാണുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

Similar News