ഓഫീസ് ഒഴിയും, മരുതംകുഴിയിലേക്ക് മാറും: ഇനി തർക്കങ്ങൾക്കോ ചർച്ചകൾക്കോ ഇടമില്ലെന്ന് വി. കെ. പ്രശാന്ത്

Vattiyoourkaavu MLA VK Prasanth shifts office from Thiruvananthapuram Corporation building to Maruthankuzhi

Update: 2026-01-07 15:56 GMT

തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിഞ്ഞ്, മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് മാറാൻ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തീരുമാനിച്ചു.

ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി ഓഫീസിനെ ചൊല്ലി ഉടലെടുത്ത തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

നേരത്തെ, കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് ഇത് നിരസിച്ചതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.

ഇനി തർക്കങ്ങൾക്കോ ചർച്ചകൾക്കോ ഇടമില്ലെന്നും ഓഫീസ് മാറ്റാൻ തീരുമാനിച്ചുവെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. “എംഎൽഎ ഓഫീസിലേക്ക് ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന സ്ഥലമാണ്. അതിന് അനുയോജ്യമായ ഇടത്തേക്കാണ് മാറ്റുന്നത്. വിവാദങ്ങൾക്ക് ഇനി ഇടമില്ല. ജനങ്ങൾ ഞങ്ങളെ വികസന പ്രവർത്തനങ്ങൾക്കായാണ് തിരഞ്ഞെടുത്തത്. ഓഫീസിലേക്ക് വരുന്നത് രാഷ്ട്രീയത്തിനല്ല. ഈ വിവാദങ്ങൾ ഉപയോഗിച്ച് തനിക്കെതിരെ വ്യക്തിപരമായ അപവാദ പ്രചാരണം നടത്താൻ ശ്രമങ്ങൾ ഉണ്ടായി. പുതിയ ഓഫീസിലേക്കുള്ള മാറ്റത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല,” പ്രശാന്ത് വ്യക്തമാക്കി.

വിവാദം ആരംഭിച്ചപ്പോൾ കൗൺസിലറുടെ നിർദേശം അനുസരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു എംഎൽഎ. എന്നാൽ, സൗഹൃദത്തിന്റെ ഭാഗമായാണ് ഓഫീസ് മാറ്റം ആവശ്യപ്പെട്ടതെന്നായിരുന്നു ശ്രീലേഖയുടെ വാദം. അടുത്തിടെ എംഎൽഎയുടെ ബോർഡിന് മുകളിൽ ശ്രീലേഖയുടെ പേരുള്ള ബോർഡ് സ്ഥാപിച്ചതും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

Tags:    

Similar News