എക്‌സൈസ് കമ്മീഷണറായി വി സീറാം സാബശിവറാവു ഐഎഎസ് നിയമിതനായി

By :  Devina Das
Update: 2026-06-01 09:43 GMT

തിരുവനന്തപുരം: പുതിയ എക്‌സൈസ് കമ്മീഷണറായി വി സീറാം സാബശിവറാവു ഐഎഎസിനെ നിയമിച്ചു. സീറാം സാബശിവറാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.നിലവിൽ മുഖ്യമന്ത്രിയുടെ സ്‌പെഷൽ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. കുറേക്കാലമായി ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു എക്‌സൈസ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നത്.എന്നാൽ ഐഎഎസ് കേഡറായ എക്‌സൈസ് കമ്മീഷണർ പദവിയിൽ, ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എഡിജിപി എംആർ അജിത് കുമാർ എക്‌സൈസ് കമ്മീഷണറായിരിക്കെയാണ്, നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ ട്രൈബ്യൂണലിനെ സമീപിച്ചത്.ഐഎംജി ഡയറക്ടർ, കില ഡയറക്ടർ തുടങ്ങിയവയും ഐഎഎസ് കേഡറാണ്. ഇത്തരം പദവികളിൽ ഐഎഎസ് ഉദ്യോഗസ്ഥരല്ലാതെ, മറ്റു കേഡർ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് മുൻ കമ്മീഷണർ എം ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

Similar News