ഇരട്ടി മധുരം ;ഇന്ത്യന്‍ വംശജരായ അമ്മയും മകനും ബ്രിട്ടനിലെ മേയർമാർ
ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വിജയഗാഥ. ഒരേസമയം മേയർമാരായി ഇന്ത്യൻ വംശജരായ അമ്മയും മകനും. ഹരിയാനയിലെ റോഹ്തക്കിൽനിന്നു 2013-ൽ ബ്രിട്ടനിലേക്ക് കുടിയേറിയ 23 വയസ്സുള്ള തുഷാർ കുമാർ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ മേയറായി ചുമതലയേറ്റതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന ചരിത്രപരമായ നേട്ടവും സ്വന്തമാക്കി. തൊട്ടടുത്ത ആഴ്ച, ഹെർട്‌സ്മിയർ ബറോ കൗൺസിലിന്റെ പ്രഥമ ഇന്ത്യൻ വംശജയായ മേയറായാണ് തുഷാറിന്റെ മാതാവ് പർവീൺ റാണി തെരഞ്ഞെടുക്കപ്പെട്ടത്.രണ്ടുപേരും ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത് 2023-ലാണ്. മേയറാകുന്നതിന് മുമ്പ് പർവീൺ റാണി ഹെർട്ട്സ്മിയറിലെ ഡെപ്യൂട്ടി മേയറായും കാബിനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടനിലെ കിങ്സ് കോളജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടിയ തുഷാർ 20-ാം വയസ്സിലാണ് ആദ്യമായി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
2023-ൽ ലേബർ പാർട്ടി കൗൺസിലറായി കൗൺസിലിൽ ചേർന്ന അദ്ദേഹം നേരത്തെ ഡെപ്യൂട്ടി മേയറായിരുന്നു. ബ്രിട്ടനിൽ ജനിച്ച് വളർന്നവർക്ക് തുഷാറും അമ്മയും സൗജന്യമായി ഹിന്ദി പഠിപ്പിച്ചു കൊടുക്കാറുണ്ട്. 'ഹിന്ദി ശിക്ഷാ പരിഷത്ത്' എന്ന സംഘടനയുമായും തുഷാറിന് ബന്ധമുണ്ട്.ഹരിയാനയിലെ സോനിപതിലെ ഖാർഖോദയിലുള്ള റോഹ്ന ഗ്രാമത്തിലാണ് ഇവരുടെ തറവാട്. 2013-ൽ യുകെയിലേക്ക് മാറുന്നതിന് മുമ്പ് ഇവർ ദീർഘകാലം റോഹ്തക്കിലാണ് താമസിച്ചിരുന്നത്. തുഷാറിന് 10 വയസുള്ളപ്പോൾ, 2013-ൽ ഭാര്യയോടും രണ്ട് മക്കളോടും ഒപ്പമാണ് പിതാവ് സുനിൽ ദഹിയ യുകെയിലേക്ക് എത്തിയത്. മെയ് 13-ന് തുഷാർ മേയറായി തെരഞ്ഞെടുക്കപ്പെട്ടതായും മെയ് 20-ന് പർവീൺ മേയറായതായും തുഷാറിന്റെ പിതാവ് സുനിൽ ദഹിയ പറഞ്ഞു.