തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് ;വിജയ് സർക്കാരിന് നിർണ്ണായകം
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. 234 അംഗ സഭയിൽ നിലവിൽ 120 പേരുടെ പിന്തുണയാണ് ടിവികെയ്ക്ക് ഉള്ളത്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. കോൺഗ്രസ്, സിപിഎം,സിപിഐ,വിസികെ,മുസ്‌ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് സർക്കാർ അധികാരത്തിലേറിയത്.
118 അംഗങ്ങളുടെ വോട്ട് ലഭിച്ചാൽ വിശ്വാസം തെളിയിക്കാം എന്നിരിക്കെ സ്പീക്കർ ജെസിഡി പ്രഭാകറിന്റെ നിലപാട് നിർണയകമാകും.അതിനിടെ, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ കലാപം ശക്തമാകുക ആണ്. വിമതരായി പളനിസ്വാമിക്കെതിരെ നിൽക്കുന്ന 30 പേർ ടിവികെയ്ക്ക് അനുകൂലമായി സഭയിൽ വോട്ട് ചെയ്‌തേക്കും. വിമത ഗ്രൂപ്പിന്റെ നേതാവായ സി വി ഷണ്മുഖത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിജയിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വിജയ് ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ഷണ്മുഖം പറഞ്ഞു. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത തള്ളിയ ഷൺമുഖം, പാർട്ടി പിളർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.എന്നാൽ,സഭയിൽ വിജയ് സർക്കാരിനെ എതിർത്ത് വോട്ടു ചെയ്യാൻ അണ്ണാ ഡിഎംകെയിലെ എംഎൽഎമാർക്ക് ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ വിഭാഗം വിപ്പ് നൽകിയിട്ടുണ്ട്.
നിയമസഭയിൽ കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ടിവികെ നിയമസഭാംഗം ജെ സിഡി പ്രഭാകറിനെ തെരഞ്ഞെടുത്തിരുന്നു. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തെരഞ്ഞെടുത്തിരുന്നു.അതേ സമയം, ടിവികെ എംഎൽഎ ആർശ്രീനിവാസ സേതുപതിക്ക് വിശ്വാസപ്രമേയത്തിലോ സഭയിലെ മറ്റ് വോട്ടെടുപ്പ് നടപടികളിലോ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.
കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേതുപതിയോട് പരാജയപ്പെട്ട മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ ആർ പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.