തന്റെ ശൈലിയിൽ 'വീട്ടിൽ നിന്നുപോലും വിമർശനമുണ്ട്, ശരീരഭാഷ മാറ്റും'; എം വി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്ന ആഭ്യന്തര വിമർശനങ്ങൾക്ക് വിശദീകരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷയും പെരുമാറ്റവും ശരിയായിരുന്നില്ലെന്ന് പാർട്ടി സെക്രട്ടറി യോഗത്തിൽ പരസ്യമായി സമ്മതിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് മുന്നിലെ തന്റെ ശൈലിയെക്കുറിച്ച് സ്വന്തം വീട്ടിൽ നിന്നുപോലും കടുത്ത വിമർശനം ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി."അച്ഛൻ ഒരിക്കലെങ്കിലും സ്വന്തം വാർത്താസമ്മേളനങ്ങൾ കണ്ണാടിയിൽ നോക്കുന്നത് പോലെ വീണ്ടും കണ്ടുനോക്കാറുണ്ടോ" എന്ന് തന്റെ മകൻ നേരിട്ട് ചോദിച്ച കാര്യം ഗോവിന്ദൻ യോഗത്തിൽ പങ്കുവെച്ചു.
മാധ്യമപ്രവർത്തകരോട് തിരികെ പ്രകോപനപരമായി ചോദ്യങ്ങൾ ചോദിക്കുന്ന ശൈലി താൻ ഇപ്പോൾ പൂർണ്ണമായി നിർത്തിയെന്നും ഇനിയങ്ങോട്ട് കൂടുതൽ പക്വതയോടെ മാത്രമേ പൊതുസമൂഹത്തിൽ പെരുമാറൂ എന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.അതേസമയം, തന്റെ ഭാര്യ പി.കെ. ശ്യാമളയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങളെ എം.വി. ഗോവിന്ദൻ ശക്തമായി പ്രതിരോധിച്ചു. പാർട്ടിയിൽ ആണധികാരം പ്രയോഗിക്കാതിരിക്കാനും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്നും, ഈ തീരുമാനത്തെ വിമർശിക്കുന്നവർ യഥാർത്ഥത്തിൽ ആണധികാരത്തിന്റെ വക്താക്കളാണെന്നും അദ്ദേഹം തിരിച്ചടിച്ചു.