'അന്ധവിശ്വാസങ്ങളുടെ' മന്ത്രിമന്ദിരം ; മൻമോഹൻ ബംഗ്ലാവിൽ ഇത്തവണ ഒ ജെ ജെനീഷ്

By :  Devina Das
Update: 2026-05-20 11:22 GMT

തിരുവനന്തപുരം: ഓരോ തവണയും സർക്കാർ അധികാരത്തിലേറുന്ന എല്ലാക്കാലത്തും ഉറ്റനോക്കുന്നത് 'അന്ധവിശ്വാസങ്ങളുടെ' മന്ത്രിമന്ദിരമായ മൻമോഹൻ ബംഗ്ലാവിൽ ആരാണെന്നതാണ് .ഇക്കുറി ധൈര്യസമേതം ഇവിടെ താമസമാക്കുന്നത് വി ഡി സതീശൻ മന്ത്രിസഭയിലെ ഇളംമുറക്കാരൻ ഒ ജെ ജനീഷ്. ഇവിടെ താമസിക്കുന്നത് അശുഭമാണെന്ന ഒരു പൊതുപ്രചാരണമുണ്ട്. എന്നാൽ അത് തെറ്റാണെന്ന് തെളിയിച്ച ചരിത്രവുമുണ്ട്.ഇവിടെ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നാണ് പൊതുവെയുള്ള പ്രചാരണം. എന്നാൽ ഈ വിശ്വാസം തെറ്റിയിട്ടുണ്ട്. തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ പണികഴിപ്പിച്ച ഈ ബംഗ്ലാവിന് ചരിത്രത്തിലും വലിയ സ്ഥാനമാണുള്ളത്. ജനാധിപത്യ സർക്കാർ അധികാരമേറ്റപ്പോൾ കെട്ടിടം സർക്കാർ ഏറ്റെടുത്തു. 2006 ലെ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് മൻമോഹൻ ബംഗ്ലാവ് വിവാദങ്ങളിൽ ഇടം പിടിച്ചത്. ആദ്യം താമസിച്ചത് ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. കെട്ടിടത്തിന്റെ വാസ്തുദോഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ലക്ഷങ്ങളുടെ മോടിപിടിപ്പിക്കൽ ഈ മന്ത്രി മന്ദിരത്തെ വിവാദത്തിലാക്കി. ഒടുവിൽ ഈ മന്ത്രിമന്ദിരം കോടിയേരി ഉപേക്ഷിച്ചു. പിന്നാലെ എത്തിയ പൊതുമരാമത്ത് മന്ത്രി ടി യു കുരുവിളക്ക് ഭൂമിയിടപാട് ക്രമക്കേടിൽ രാജിവെക്കേണ്ടി വന്നു. പകരം വന്ന മോൻസ് ജോസഫ് കുറച്ച് കാലം താമസിച്ചു. എന്നാൽ, വിമാനയാത്ര വിവാദത്തിൽ നിന്ന് കുറ്റമുക്തി നേടി പി ജെ ജോസഫ് തിരിച്ചെത്തിയപ്പോൾ മോൻസ് മന്ത്രി സ്ഥാനവും വസതിയും ഒഴിഞ്ഞു. കുറച്ചുകാലം മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കിയെങ്കിലും മുന്നണി വിട്ടതോടെ പി ജെ ജോസഫ് ബംഗ്ലാവ് ഒഴിഞ്ഞു.2011 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആര്യാടൻ മുഹമ്മദാണ് ബംഗ്ലാവ് ഏറ്റെടുത്തത്. അഞ്ച് വർഷം തികച്ച ശേഷമായിരുന്നു പടിയിറക്കം. 2016ൽ മന്ത്രിമന്ദിരത്തിലെത്തിയ തോമസ് ഐസക്കും അഞ്ച് വർഷം തികച്ചു. മുമ്പ് ഇറങ്ങിപ്പോയ പി ജെ ജോസഫാകട്ടെ 2011 മുതൽ മൂന്ന് തവണ നിയമസഭയിലേക്ക് എത്തുകയും ചെയ്തു. മോൻസ് ജോസഫും അതേ. ഏറ്റവും ഒടുവിൽ 2021ൽ മന്ത്രിയായ ആന്റണി രാജുവാണ് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചത്.

Similar News