ഒരു വർഷം മുൻപ് അവധിക്കാലം ആഘോഷിച്ച് മടങ്ങി ;ഇന്ത്യക്കാരിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍
ബേൺ: സ്വിറ്റ്‌സർലാൻഡിൽ നിന്നും അവധിക്കാലം ആഘോഷിച്ച് മടങ്ങിവന്ന ശേഷം ഗതാഗത നിയമങ്ങൾ തെറ്റിച്ചതിനു ഇന്ത്യൻ യാത്രക്കാരിക്ക് പിഴ. നാട്ടിൽ തിരിച്ചെത്തി ഒരു വർഷത്തിനു ശേഷമാണ് പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിൽ സന്ദേശം ഇവർക്ക് ലഭിച്ചത്.
ഏകദേശം ഒന്നര ലക്ഷം രൂപയാണ് പിഴ. സമാന അനുഭങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് യാത്രക്കാരിയായ പൊൻ സപ്ടി അനുഭവം വെളിപ്പെടുത്തിയത്.എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, പിഴ കുറയ്ക്കാനോ ഒഴിവാക്കാനോ അപ്പീൽ നൽകാനോ മാർഗമുണ്ടോ എന്ന് യുവതി മറ്റു യാത്രക്കാരോട് ചോദിച്ചു. ആദ്യം ഒരു ലക്ഷം രൂപയാണ് പിഴയെന്നു കരുതിയെങ്കിലും രേഖകൾ പരിശോധിച്ചപ്പോൾ ഒന്നരലക്ഷമാണ് അടക്കേണ്ടതെന്ന് മനസ്സിലാക്കിയെന്നും ഇവർ പറയുന്നു. പോസ്റ്റ് വൈറലായതോടെ സമാന അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.യൂറോപ്യൻ രാജ്യങ്ങളിൽ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, റെന്റൽ വാഹന കമ്പനികൾ നിയമലംഘനങ്ങളുടെ വിവരങ്ങൾ പിന്നീട് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാറുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. പിഴയടക്കാതിരുന്നാൽ തുക ഉയർന്നേക്കുമെന്നും പലരും മുന്നറിയിപ്പു നൽകി.സ്വിറ്റ്‌സർലാൻഡിൽ അമിതവേഗം ഉൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് കർശനമായ പിഴയാണ് ഈടാക്കുന്നത്. ചില സാഹചര്യങ്ങളിൽ മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷവും പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകൾ വിദേശ സഞ്ചാരികൾക്ക് ലഭിക്കാറുണ്ടെന്നും ചർച്ചകളിൽ അനുഭവസ്ഥർ വ്യക്തമാക്കുന്നു.അതേസമയം, പിഴക്കെതിരെ അപ്പീൽ നൽകാനുള്ള അവസരം ലഭിച്ച കത്തിൽപരാമർശിച്ചിട്ടുണ്ടെന്നും, പിഴ അടയ്ക്കാൻ തയ്യാറാണെങ്കിലും വൈകി ലഭിച്ച അറിയിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം തേടാനാണ് ശ്രമിക്കുന്നതെന്നും യുവതി വ്യക്തമാക്കി.