വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം;ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിർദേശം
ന്യൂഡൽഹി: കേസുകളുടെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതികൾക്ക് സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. കേസുകളിൽ വാദം കേൾക്കൽ പൂർത്തിയായാൽ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ അതിനും മുമ്പു തന്നെ വിധി പ്രസ്താവിക്കേണ്ടതാണ്. ജാമ്യ ഹർജികളിൽ വാദം കേൾക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വിധി പ്രസ്താവിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു .രാജ്യത്തെ കോടതികളിൽ വാദം കേൾക്കൽ പൂർത്തിയായിട്ടും വിധി പ്രസ്താവന അനന്തമായി നീണ്ടുപോകുന്നു എന്ന ആക്ഷേപം നിലനിന്നിരുന്നു. ചില ജഡ്ജിമാർ വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് കേസുകൾ വിധി പ്രസ്താവം നടത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് സുപ്രധാന മാർഗനിർദേശം പുറപ്പെടുവിച്ചത്.
വാദം കേൾക്കൽ പൂർത്തിയാക്കിയ കേസുകളിൽ മൂന്നു മാസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കണം. വിധി പ്രസ്താവം നീണ്ടുപോയാൽ അക്കാര്യം ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. ചീഫ് ജസ്റ്റിസിന് വാദം കേട്ട ബെഞ്ചിനോട് രണ്ടാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാൻ നിർദേശിക്കാം. അതുണ്ടായില്ലെങ്കിൽ മറ്റൊരു ബെഞ്ചിലേക്ക് ഈ കേസ് ലിസ്റ്റ് ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ വിധി പറയണം. ജാമ്യ ഹർജികളിൽ വാദം കേൾക്കുന്ന ദിവസമോ, തൊട്ടടുത്ത ദിവസമോ വിധി പറയണം. അങ്ങനെ ജാമ്യം അനുവദിക്കുന്ന പക്ഷം, അതേ ദിവസം തന്നെ ജയിൽ അധികൃതരെ അറിയിക്കണം. വിചാരണ തടവുകാരാണെങ്കിൽ ഒട്ടും വൈകാതെ തന്നെ അവരുടെ മോചനം ഉറപ്പാക്കണമെന്നും സുപ്രീംകോടതി മാർഗനിർദേശത്തിൽ പറയുന്നു.വാദം കേൾക്കൽ പൂർത്തിയായി നാലു മാസത്തിനുശേഷവും വിധി പ്രസ്താവിച്ചിട്ടില്ലെങ്കിൽ, ബന്ധപ്പെട്ട കക്ഷികൾക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ചീപ് ജസ്റ്റിസിനോട് ആവശ്യപ്പെടാവുന്നതാണ്. ഓപ്പൺ കോടതികൾ പുറപ്പെടുവിക്കുന്ന വിധി 24 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.