ശക്തമായ വിമർശനം ; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി വിജയ്

By :  Devina Das
Update: 2026-05-13 08:37 GMT

ചെന്നൈ:ശക്തമായ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ പ്രത്യേക ഓഫീസറായി ജ്യോതിഷിയെ നിയമിച്ച തീരുമാനം പിൻവലിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയായിരുന്നു നിയമനം. ശാസ്ത്രീയമായ രീതിയിൽ ഭരണം നടത്തേണ്ട മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ജ്യോതിഷിയെ നിയമിച്ചത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. ഇന്ന് നിയമസഭയിലും നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. പ്രതിപക്ഷ പാർട്ടികളും ടിവികെയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളും ജ്യോതിഷിയുടെ നിയമനത്തിൽ വിമർശിച്ച് രംഗത്തിയതോടെയാണ് വിജയ് തീരുമാനം പിൻവലിച്ചത്. വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിനെയാണ് സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചത്.വിഷയത്തിൽ കടുത്ത വിമർശനമാണ് സഖ്യകക്ഷികളടക്കം ഉയർത്തിയത്. സിപിഎം, കോൺഗ്രസ്, വിസികെ. ഉൾപ്പെടെ ടിവികെ. സർക്കാരിന് പിന്തുണനൽകുന്ന പാർട്ടികളിൽനിന്നു തന്നെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. യുക്തിസഹമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനു വിരുദ്ധമാണ് ഈ തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പറഞ്ഞു. ജ്യോത്സ്യനായ ഒരാളെ സർക്കാർ ചെലവിൽ ഉദ്യോഗസ്ഥനാക്കുന്നത് തെറ്റായനടപടിയാണ്. ഇത് ജനങ്ങളിൽ ജ്യോതിഷത്തോടുള്ള വിശ്വാസം വർധിപ്പിക്കാനേ ഉതകൂ. അദ്ദേഹം വിജയ്ക്ക് രാഷ്ട്രീയ ഉപദേശം നൽകുന്നതും സ്വീകാര്യമല്ലെന്നും ഷൺമുഖം നേരത്തേ വിമർശിച്ചിരുന്നു.

എന്തിനാണ് ഒരു ജ്യോത്സ്യന് സർക്കാർ നിയമനം നൽകുന്നതെന്ന് ആർക്കെങ്കിലും വിശദമാക്കാനാകുമോ എന്ന് പരിഹസിച്ചാണ് കോൺഗ്രസ് എംപി ശശികാന്ത് എക്‌സിലൂടെ പ്രതിഷേധം അറിയിച്ചത്. ഭരണകക്ഷിയായ ടി.വി.കെ. ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര അടിത്തറയെ ഈ നിയമനം ദുർബലമാക്കുമെന്ന് കോൺഗ്രസ് എംപി ജ്യോതിമണി പറഞ്ഞു.

'പെരിയാറിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന വിജയ് അധികാരമേറ്റ ഉടൻതന്നെ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധിയെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു മതേതര സർക്കാരിൽ ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വിജയ് ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും വി.സി.കെ. ജനറൽ സെക്രട്ടറി ഡി രവികുമാർ പ്രതികരിച്ചു.

Similar News