ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി അന്വേഷണം ഇഴഞ്ഞയുന്നു; കുറ്റപത്രം സമർപ്പിക്കാത്തതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യ സാധ്യത
SIT dragging on investigation in Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം നിർണായക പുരോഗതി കൈവരിക്കാതെ ഇഴയുകയാണ്.
ഇതോടെ, റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാഹചര്യം രൂപപ്പെടുകയാണ്. പരമാവധി 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ കോടതി ഡിഫോൾട്ട് (സ്വാഭാവിക) ജാമ്യം അനുവദിക്കാറുണ്ട്.
ക്രൈംബ്രാഞ്ച് ഒക്ടോബർ 10-ന് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒക്ടോബർ 17-ന് ആദ്യം അറസ്റ്റ് ചെയ്തത് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയാണ്. തുടർന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഒക്ടോബർ 23-നും മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിനെ നവംബർ 1-നും പിടികൂടി. ഈ മൂന്നുപേരുടെയും അറസ്റ്റിന് 60 ദിവസം പിന്നിട്ടിട്ടും എസ്ഐടിക്ക് പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാനായിട്ടില്ല.
പിന്നീട് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ. വാസുവിന്റെയും എ. പത്മകുമാറിന്റെയും റിമാൻഡ് കാലാവധിയും അടുത്ത് 60 ദിവസം പൂർത്തിയാകും. അന്വേഷണം മൂന്ന് മാസം പിന്നിട്ടിട്ടും കവർന്ന സ്വർണപ്പാളികൾക്ക് എന്തു സംഭവിച്ചു എന്നോ എത്ര സ്വർണം നഷ്ടപ്പെട്ടു എന്നോ വ്യക്തമായി കണ്ടെത്തിയിട്ടില്ല. ദേവസ്വം വിജിലൻസ് കണ്ടെത്തലുകളിൽ നിന്ന് മുന്നോട്ടുപോകാതെ, ഹൈക്കോടതി സൂചിപ്പിച്ച ‘വൻ ശ്രാവുകളെ’ പിടികൂടാനോ രാജ്യാന്തര ഇടപാടുകൾ ഉണ്ടായോ എന്ന് ഉറപ്പാക്കാനോ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. ഹൈക്കോടതി നീട്ടിക്കൊടുത്ത അന്വേഷണ കാലാവധി അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളൂ.
അതേസമയം, ഗൂഢാലോചനയിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രസിഡന്റ് എൻ. വാസു സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് നൽകിയ ഹർജി ജനുവരി 7-ന് കോടതി പരിഗണിച്ചേക്കും.
മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള എല്ലാവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാത്തതാണ് പ്രധാന ആക്ഷേപം. പോറ്റിയുടെ ഫോൺ സിഡിആർ ശേഖരിച്ചിട്ടും അതിൽ ആഴത്തിലുള്ള അന്വേഷണം നടന്നിട്ടില്ല. ബന്ധപ്പെട്ടവരിൽ ജനപ്രതിനിധികളടക്കമുണ്ടെന്നാണ് സൂചന, എന്നാൽ അവരുടെ പേരുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്ഐടിയെ ഹൈക്കോടതി അടുത്തിടെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അന്വേഷണം വഴിതെറ്റിയാൽ വെങ്കിടേഷിനെ മാറ്റി മറ്റൊരു എഡിജിപിയെ നിയോഗിക്കാൻ കോടതി തയാറാകുമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.
ഇതിനിടെ, കേസ് സിബിഐക്ക് കൈമാറണമെന്ന് ഇന്റലിജൻസ് ബ്യൂറോ ശുപാർശ ചെയ്തതായി വിവരം പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച കേസിൽ നിന്ന് ഒഴിഞ്ഞുമാറാൻ പൊലീസിനും താൽപ്പര്യമുണ്ട്. ഇടതുപക്ഷ ഉന്നതർ ഉൾപ്പെട്ടേക്കാവുന്ന കേസിൽ സ്വതന്ത്ര അന്വേഷണം വെല്ലുവിളിയാണെന്ന് പൊലീസ് കരുതുന്നു. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണത്തെ അവർ എതിർക്കുന്നില്ല.
എന്നാൽ, കേസ് പൂർണമായി കേന്ദ്ര ഏജൻസിയുടെ കൈയിലെത്തുന്നതിൽ സംസ്ഥാന സർക്കാരിന് ആശങ്കയുണ്ട്. അന്വേഷണം പാർട്ടി ഉന്നതരിലേക്ക് നീണ്ടാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് ഇടത് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഉറച്ചുനിൽക്കുന്നു. രാഷ്ട്രീയ സമ്മർദ്ദമില്ലാതെ എസ്ഐടി തന്നെ അന്വേഷണം തുടരണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.