'മാതൃത്വം ഒരാളുടെ കരിയറിന് ദോഷകരമായി ഭവിക്കണോ?വിനേഷ് ഫോഗട്ടിന് അവസരം നൽകണം ;ഹൈക്കോടതി

By :  Devina Das
Update: 2026-05-22 11:24 GMT

ന്യൂഡൽഹി: പ്രസവാവധിക്ക് ശേഷം മടങ്ങിവരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന്‌ പ്രഖ്യാപിച്ച റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനത്തിന് രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. മുൻകാല സെലക്ഷൻ മാനദണ്ഡങ്ങളിൽ നിന്ന് ഫെഡറേഷൻ പെട്ടെന്ന് വ്യതിയാനം വരുത്തിയതിനെയും കോടതി ചോദ്യം ചെയ്തു.പ്രശസ്തരായ കായികതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകുന്ന മുൻകാല രീതിയിൽ നിന്ന് ഡബ്ല്യുഎഫ്‌ഐ വ്യതിചലിച്ചത് പലതും വിളിച്ചോതുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ ഫോഗട്ടിന് പങ്കെടുക്കാൻ അവസരം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യം മാതൃത്വത്തെ ആഘോഷിക്കുന്ന ഒന്നാണെന്നും ഫെഡറേഷൻ കായികതാരങ്ങളോട് 'പ്രതികാര ബുദ്ധിയോടെ' പെരുമാറരുതെന്നും ഡിവിഷൻ ബെഞ്ച് ഊന്നിപ്പറഞ്ഞു.പാരിസ് ഒളിംപിക്‌സിനിടെ അച്ചടക്കലംഘനം നടത്തി, ആന്റി ഡോപ്പിങ് ട്ടങ്ങൾ ലംഘിച്ചു, ഇന്ത്യൻ ഗുസ്തിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കി എന്നീ ആരോപണങ്ങൾ ഉന്നയിച്ച് മെയ് 9-ന് വിനേഷ് ഫോഗട്ടിന് ഡബ്ല്യു.എഫ്.ഐ 15 പേജുള്ള കാരണം കാണിക്കൽ നോട്ടീസ് അയച്ചതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഗോണ്ടയിൽ നടക്കുന്ന ഒരു ആഭ്യന്തര മത്സരത്തിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് ഫോഗട്ടിന് ഈ നോട്ടീസ് നൽകിയത്. അവളെ മത്സരങ്ങളിൽ നിന്ന് പുറത്താക്കാൻ വേണ്ടി ആരോ 'വൈക്കോൽത്തുരുമ്പിൽ പിടിച്ചുകയറാൻ' നോക്കുകയാണെന്ന് ഫോഗട്ടിന്റെ സീനിയർ കൗൺസിൽ കോടതിയിൽ വാദിക്കുകയും, ട്രയൽസിൽ പങ്കെടുക്കാൻ താരത്തിന് അവസരം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

പാരീസ് ഒളിംപിക്‌സിലെ ഫോഗട്ടിന്റെ അയോഗ്യത 'ദേശീയ നാണക്കേടാണ്' എന്ന് വിശേഷിപ്പിച്ച കാരണം കാണിക്കൽ നോട്ടീസിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൂടാതെ വിനേഷ് ഫോഗട്ടിനെ മാത്രം ലക്ഷ്യം വെച്ചാണ് ഡബ്ല്യുഎഫ്ഐ സെലക്ഷൻ മാനദണ്ഡങ്ങൾ മാറ്റിയതെന്ന് എന്തുകൊണ്ട് അനുമാനിച്ചു കൂടാ എന്നും കോടതി ചോദിച്ചു.

'അവർ 2025 ജൂലൈയിലാണ് അമ്മയായത്. ഇപ്പോൾ നമ്മൾ മേയ് മാസത്തിലാണ് നിൽക്കുന്നത്. അവർ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഒരു ഗുസ്തി താരമാണ്. അവർക്ക് വേണ്ടിയാണ് നിങ്ങൾ സെലക്ഷൻ മാനദണ്ഡങ്ങൾ മാറ്റിയതെന്ന് എന്തുകൊണ്ട് കരുതിക്കൂടാ? വ്യക്തിപരമായ തർക്കങ്ങളോ പിണക്കങ്ങളോ എന്തുതന്നെ ആയാലും, അതിന്റെ പേരിൽ കായികരംഗം എന്തിന് കഷ്ടപ്പെടണം? നമ്മുടെ രാജ്യം മാതൃത്വത്തെ ആഘോഷിക്കുന്ന ഒന്നാണ്, അത് ഒരാളുടെ കരിയറിന് ദോഷകരമായി ഭവിക്കണമോ?' കോടതി ചോദിച്ചു. സർക്കുലറിലെ മാറ്റം തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. ദയവായി ഇങ്ങനെ പെരുമാറരുത്. ഇത് കായികരംഗത്തിന് നല്ലതല്ല. മുൻ സർക്കുലറിൽ നിന്നുള്ള വ്യതിയാനം പല കാര്യങ്ങളും വിളിച്ചോതുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

ഡബ്ല്യുഎഫ്ഐയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 2023-ൽ പ്രതിഷേധം നയിച്ച വനിതാ ഗുസ്തി താരങ്ങളിൽ മുൻപന്തിയിൽ ഫോഗട്ടുമുണ്ടായിരുന്നു.

വിരമിക്കലിൽ നിന്ന് മടങ്ങിവരുന്ന കായികതാരങ്ങൾ ആന്റി ഡോപ്പിംഗ് ചട്ടങ്ങൾ പ്രകാരം ആറ് മാസം മുമ്പ് നോട്ടീസ് നൽകണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ജൂൺ 26 വരെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫെഡറേഷൻ ഫോഗട്ടിന് വിലക്കേർപ്പെടുത്തിയത്.

എന്നാൽ പ്രസവത്തെത്തുടർന്നും അതിന്റെ വിശ്രമകാലയളവിലും തനിക്ക് നഷ്ടമായ മത്സരങ്ങളെ മാത്രം അടിസ്ഥാനമാക്കി, മെയ് 30-31 തീയതികളിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ അടുത്തിടെ ആഭ്യന്തര മെഡലുകൾ നേടിയവർക്ക് മാത്രമേ അർഹതയുള്ളൂ എന്ന രീതിയിൽ ഡബ്ല്യുഎഫ്ഐ സെലക്ഷൻ മാനദണ്ഡങ്ങൾ മാറ്റിയെഴുതി എന്ന് ചൂണ്ടിക്കാട്ടിയാണ് ഫോഗട്ട് ഇതിനെതിരെ കോടതിയെ സമീപിച്ചത്. ഫെഡറേഷന്റെ വിലക്ക് നിലനിൽക്കെത്തന്നെ ഫോഗട്ട് ഗോണ്ടയിൽ നടന്ന നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.

Similar News