നിയമസഭാതെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി ;ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

By :  Devina Das
Update: 2026-05-19 06:48 GMT

കണ്ണൂർ:ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നാണം കെട്ട തോൽവിയാണെന്നും കോൺഗ്രസ്സ് സർക്കാർ ആശ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ചതും, സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെയും സ്വാഗതം ചെയ്ത് സിപിഎം നേതാവ് പി കെ ശ്രീമതി. നല്ലത് ആരു ചെയ്താലും അംഗീകരിക്കുമെന്ന് ശ്രീമതി കൂട്ടിച്ചേർത്തു. 'ലജ്ജാകരമായ, അങ്ങേയറ്റം നാണംകെട്ട ഒരു തോൽവി ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഞങ്ങൾ അത് സ്വയം വിമർശനപരമായിട്ട് തന്നെ കാണുന്നു. അതിനെ സംബന്ധിച്ച സൂക്ഷ്മമായ, ആഴത്തിലുള്ള പരിശോധന എല്ലാ തലങ്ങളിലും നടന്നു കൊണ്ടിരിക്കുകയാണ്. തോൽവിയെ കുറിച്ച് പഠിക്കും. കാരണങ്ങൾ പരിശോധിക്കും. തോൽവിയിൽ ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും' പി കെ ശ്രീമതി പറഞ്ഞു.

എൽഡിഎഫ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി അവ തിരുത്താനാണ് പാർട്ടി തീരുമാനം. ഇതിനു മുമ്പും ഞങ്ങൾക്ക് ഇതിനു സമാനമായ തോൽവി ഉണ്ടായിട്ടുണ്ട്. ഇതൊരു പുതിയ തോൽവിയാണെന്ന് ധരിക്കരുത്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു വ്യക്തിയിൽ നമുക്ക് അടിച്ചേൽപ്പിക്കാൻ കഴിയില്ല. എവിടെയാണ് പിശക് എന്ന് കണ്ടെത്തി പരിഹരിക്കും. പി കെ ശ്രീമതി പറഞ്ഞു.അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ, പാർട്ടി യോഗങ്ങളിൽ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നേർക്ക് രൂക്ഷ വിംർശനങ്ങളാണ് ഉയരുന്നത്. പിണറായിയുടെ പെരുമാറ്റവും ധാർഷ്ട്യവും തിരിച്ചടിയായി. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളെ കാണുമ്പോൾ പുലർത്തുന്ന ശരീരഭാഷ ജനങ്ങളിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു. യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് വസ്തുനിഷ്ഠമായ വിശകലനം നടത്താൻ നേതാക്കൾ തയാറാകണമെന്നും ആവശ്യമുയർന്നു.

Similar News