തെരഞ്ഞെടുപ്പിൽ ബമ്പർ ലോട്ടറിയുമായി സാന്റിയാഗോ മാര്‍ട്ടിന്‍;കുടുംബത്തിലെ മൂന്നുപേർ നിയമസഭയിലേക്ക്

By :  Devina Das
Update: 2026-05-05 09:31 GMT

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളിൽ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിലെ മൂന്നു പേരാണ് വിജയിച്ചത്. മൂന്നു വ്യത്യസ്ത പാർട്ടികളിലായിട്ടാണ് ഇവരുടെ വിജയമെന്നതാണ് മറ്റൊരു സവിശേഷത്. സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമ റോസ് മാർട്ടിൻ, മകൻ, മരുമകൻ എന്നിവരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമ റോസ് മാർട്ടിൻ ലാൽഗുഡി മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് മത്സരിച്ച് വിജയിച്ചത്. മകളുടെ ഭർത്താവ് ആദവ് അർജുന വിജയ് യുടെ പാർട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ സ്ഥാനാർത്ഥിയായി വില്ലിവാക്കത്തു നിന്നാണ് തമിഴ്‌നാട് നിയമസഭയിലെത്തുന്നത്. ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറൽ ബോണ്ടു നൽകിയ ആളാണ് സാന്റിയാഗോ മാർട്ടിൻ.

അതേസമയം പുതുച്ചേരി നിയമസഭയിലേക്കാണ് സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ വിജയിച്ചത്. കാമരാജ് നഗർ സീറ്റിൽ നിന്നും സ്വന്തം പാർട്ടിയായ ലച്ചിയ ജനനായക കക്ഷി സ്ഥാനാർത്ഥിയായാണ് ജോസ് ചാൾസ് വിജയിച്ചത്. ഡിഎംകെയുടെ ഉരുക്കുകോട്ടയായി കരുതപ്പെടുന്ന ലാൽഗുഡി മണ്ഡലത്തിൽ നിന്നും സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമ റോസ് (എഐഎഡിഎംകെ) 2739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ഡിഎംകെ ശക്തികേന്ദ്രമായ വില്ലിവാക്കത്തു നിന്നാണ് സാന്റിയാഗോ മാർട്ടിന്റെ മരുമകൻ ആദവ് അർജുന വിജയിച്ചത്. പുതുച്ചേരിയിൽ ജോസ് ചാൾസ് മാർട്ടിൻ കാമരാജ് നഗർ സീറ്റിൽ 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.മത്സരരംഗത്തുണ്ടായിരുന്ന ഏറ്റവും ധനികരായ സ്ഥാനാർത്ഥികളിൽ ഈ മൂന്ന് പേരും ഉൾപ്പെടുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 1,041 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ച ലീമയായിരുന്നു ഏറ്റവും ധനികയായ സ്ഥാനാർത്ഥി. പുതുച്ചേരിയിൽ 597 കോടി രൂപയുമായി ജോസ് ചാൾസ് മാർട്ടിൻ ഒന്നാമതെത്തിയപ്പോൾ, ആദവ് അർജുന 442 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Similar News