തീർഥാടന കാലത്തിന് സമാപനമായി: ശബരിമല നട അടച്ചു
Sabarimala temple closes after the pilgrimage season
പത്തനംതിട്ട: ഭക്തിനിർഭരമായ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമല ക്ഷേത്രത്തിൽ പൂർണ സമാപനം കുറിച്ച് നട അടച്ചു.
പന്തളം രാജപ്രതിനിധി പുണർതം നാളിലെ നാരായണ വർമയുടെ ദർശനത്തിനു ശേഷം രാവിലെ 6:45-നാണ് നടയടച്ചത്.
രാവിലെ അഞ്ചുമണിക്ക് നട തുറന്നു. കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമം നടത്തി. മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി, കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം പാടി വിളക്കണച്ച ശേഷം ശ്രീകോവിലിനു പുറത്തിറങ്ങി നട അടച്ചു. താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.
പിന്നീട് പതിനെട്ടാം പടി ഇറങ്ങി ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഒ.ജി. ബിജുവിന്റെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീനിവാസന് രാജപ്രതിനിധി കൈമാറി. മാസപൂജാ ചെലവുകൾക്കുള്ള പണക്കിഴിയും നൽകി.
രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങിയതോടെ മറ്റൊരു തീർഥാടന സീസണിനും പൂർണമായി അവസാനമായി. തിരുവാഭരണങ്ങളുമായുള്ള മടക്കഘോഷയാത്ര ഇനി പന്തളത്തേക്ക് തുടരും.