നവകേരളസദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം;എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

By :  Devina Das
Update: 2026-05-19 11:36 GMT

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 'നവകേരള സദസ്സിനിടെ' ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് പുനരന്വേഷിക്കുക. ഡി വൈ എസ് പി ബൈജു പൗലോസായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്പി ഷൗക്കത്തലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ടിപി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ഷൗക്കത്തലിഅധികാരത്തിലെത്തിയാൽ അന്ന് തങ്ങളുടെ കുട്ടികളെ വഴിയിലിട്ട് ക്രൂരമായി വേദനിപ്പിച്ച ഒരൊറ്റ ഉദ്യോഗസ്ഥനെയും വെറുതെ വിടില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ വി.ഡി. സതീശൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദവിയിലെത്തിയ ഉടൻ തന്നെ ആ വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പിന്റെ ഈ ദ്രുതഗതിയിലുള്ള നീക്കം. ആദ്യം കേസെടുക്കാൻ മടിക്കുകയും പിന്നീട് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കർശന ഉത്തരവിനെ തുടർന്ന് മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്ത മുൻകാല പോലീസ് നടപടികൾ കൂടിയാണ് പുതിയ അന്വേഷണത്തോടെ തിരുത്തപ്പെടുന്നത്.

Similar News