മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെ വീടുവിട്ടിറങ്ങി രമേശ്‌ചെന്നിത്തല
കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം വന്നതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രിക്ക് എല്ലാ ഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. എന്നാൽ മുഖ്യമന്ത്രി തീരുമാനത്തിൽ സതീശനെ അഭിനന്ദിക്കാതെ അതൃപ്തി പ്രകടമാക്കിയുള്ള പ്രതികരണമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത്.
സാമൂഹ്യമാധ്യമങ്ങളിൽ സതീശനെ അഭിനന്ദിച്ചുള്ള പോസ്റ്റുകൾ വന്നെങ്കിലും ഇതുവരെ ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പോസ്റ്റ് ഒന്നും ഉണ്ടായിട്ടില്ല. തന്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചെന്നാണ് വിവരം. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സീനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.പ്രഖ്യാപനം വന്ന് ചെന്നിത്തല വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായാണ് വിവരം. വീടിന്റെ മറ്റൊരു വശത്തുള്ള വാതിലിലൂടെ അദ്ദേഹം പുറത്തേക്കിറങ്ങുകയും കാറിൽ കയറി പോകുകയുമായിരുന്നു. നിയുക്ത എംഎൽഎയായ ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ളവർ രമേശ് ചെന്നിത്തലയുടെ വസതിയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. രാഹുലിനോട് ഉൾപ്പെടെ തന്റെ അതൃപ്തി രമേശ് ചെന്നിത്തല പ്രകടമാക്കിയെന്നാണ് സൂചന.