സംഘടനാതലത്തില്‍ വീഴ്ച, അടിമുടി മാറണം; സിപിഎം സംസ്ഥാന സമിതിയില്‍ ശക്തമായ വിമര്‍ശനം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് വിമർശനം. കനത്ത തോൽവിയിൽനിന്ന് പാഠം പഠിക്കണമെന്നും അടിമുടി മാറ്റമുണ്ടാകണമെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. ജനങ്ങൾക്കു മനസ്സിലാകാത്ത വിശദീകരണവും വാദങ്ങളും ഉയർത്തി മുന്നോട്ടുപോയാൽ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് ഈ പരാജയമെന്നും നേതാക്കൾ പറഞ്ഞു.തിരുത്തൽ വേണമെന്നത് ഏതെങ്കിലും തലത്തിലോ വ്യക്തിയിലോ നിലപാടിലോ വേണ്ടതല്ല. സംഘടനാവീഴ്ചകൾ എല്ലാതലത്തിലുമുണ്ട്. പാർട്ടി യോഗങ്ങളിൽ തുറന്ന ചർച്ചകളും സമൂലവും സമഗ്രവുമായ മാറ്റങ്ങളും ആവശ്യമാണ്. ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും സംസ്ഥാന സമിതി യോഗത്തിൽ നേതാക്കൾ വിമർശിച്ചു. തെരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി, എല്ലാ അംഗങ്ങൾക്കും സംസാരിക്കാൻ അവസരം നൽകിയാണ് സംസ്ഥാന സമിതി നടക്കുന്നത്.
ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് ജനങ്ങൾ എതിരായെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങൾ പരിശോധിക്കുകയും കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്വം നേതൃത്വം നിർവഹിച്ചോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ചർച്ചയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. വീഴ്ചകളുണ്ടായിട്ടുണ്ട്. ജനവികാരം തിരിച്ചറിയാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സംഘടനാപരമായ വീഴ്ചകൂടിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.യുഡിഎഫിന് പ്രചാരണായുധമാക്കാനുള്ള പലകാര്യങ്ങളും നൽകിയത് പാർട്ടിയിലെ പ്രശ്‌നങ്ങളാണ്. തളിപ്പറമ്പിലെ സ്ഥാനാർഥിത്വം സംസ്ഥാനത്താകെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം പലപ്പോഴും ജനങ്ങൾക്ക് മനസ്സിലാകുന്നതായിരുന്നില്ലെന്നും അംഗങ്ങൾ വിമർശിച്ചു. പരസ്യപ്രതികരണം നടത്തി മുന്നണിയെ സമ്മർദത്തിലാക്കുന്ന തെറ്റായ രാഷ്ട്രീയകൗശലമാണ് സിപിഐയുടേതെന്ന് യോഗത്തിൽ വിമർശനമുയർന്നു. പിഎം ശ്രീ വിഷയത്തിൽ സിപിഐ നടത്തിയ പരസ്യപ്പോര് സിപിഎം.-ബിജെപി അന്തർധാരയെന്ന പ്രചാരണത്തിന് യുഡിഎഫ് ഉപയോഗിച്ചുവെന്നും വിമർശനം ഉയർന്നു. സംസ്ഥാനകമ്മിറ്റി യോഗം വ്യാഴാഴ്ചയും തുടരും.