കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍;ഉത്തരവ് പുറത്തിറക്കി

By :  Devina Das
Update: 2026-05-14 05:01 GMT

ബംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ. ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കി. 2022ൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങൾ ധരിക്കാൻ വിദ്യാർഥികൾക്ക് അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.ഉഡുപ്പിയിലെ ഒരു സർക്കാർ കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബിജെപി സർക്കാർ ഉത്തരവിറക്കി. കേസ് കോടതിയിലുമെത്തി. 2022 മാർച്ചിൽ കർണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

ഭരണത്തിലേറി മൂന്ന് വർഷമായിട്ടും ഹിജാബ് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാത്തതിൽ മുസ്ലിം വിഭാഗത്തിനിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. ഹിജാബ് നിരോധം പിൻവലിക്കൽ ഉൾപ്പെടെ മുസ്ലിംകൾക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ മൂന്ന് വർഷമായിട്ടും പാലിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവിൽ സമ്മേളനം നടക്കാനിരിക്കെയാണ് സർക്കാർ നടപടി.

Similar News