യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ ;വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശിൽപ്പി കെസി വേണുഗോപാൽ തന്നെയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആളു കൊണ്ടും അർത്ഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താൻ വേണുഗോപാലിന് സാധിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.വേണുഗോപാൽ എംപിയായിരുന്നു. എംപിയായ ആൾ ഇത്തരത്തിൽ മത്സരരംഗത്തുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ സമ്പത്തുകൊണ്ടായാലും ബുദ്ധി കൊണ്ടായാലും വിജയത്തിന്റെ പ്രധാന ശിൽപ്പി വേണുഗോപാൽ തന്നെയാണ്. വിജയത്തിനായി ആത്മാർത്ഥമായാണ് കെ സി വേണുഗോപാൽ പ്രവർത്തിച്ചത്.
കോൺഗ്രസിന്റെ സംസ്‌കാരം അനുസരിച്ചും പാരമ്പര്യം അനുസരിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസുകാർ ആഹ്ലാദപൂർവം ആഘോഷിക്കുകയാണ്. കേരളത്തിൽ യുഡിഎഫിന് വമ്പൻ വിജയമാണ് ലഭിച്ചത്. പ്രതീക്ഷിച്ച വിജയം ഇടതുമുന്നണിക്ക് ലഭിച്ചില്ല. പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണമെന്ന് ആഗ്രഹിച്ചവനാണ് താനെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.എന്നാൽ അതു നടന്നില്ലെന്നു മാത്രമല്ല, യുഡിഎഫ് ഗംഭീര വിജയം നേടുകയും ചെയ്തു. ചെറിയ വോട്ടിനല്ല, വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതും മാത്രമല്ല, നൂറു സീറ്റാണ് യുഡിഎഫ് പറഞ്ഞത്. അത് ഒരു രസത്തിന് പറഞ്ഞതാണ്. പക്ഷെ 102 സീറ്റ് നേടുവാൻ യുഡിഎഫിന് സാധിച്ചു. രമേശ് ചെന്നിത്തല, വിഡി സതീശൻ, കെ സി വേണുഗോപാൽ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.