രാഹുൽഗാന്ധി വഞ്ചകൻ ;കോൺഗ്രസ് അവസരവാദ പാർട്ടി;ഡിഎംകെ

By :  Devina Das
Update: 2026-06-16 10:12 GMT

ചെന്നൈ: കോൺഗ്രസിനും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ. രാഹുൽ ഗാന്ധി പ്രതിപക്ഷ സഖ്യത്തെ ബോധപൂർവ്വം ദുർബലപ്പെടുത്തുകയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് പാർട്ടി ഡിഎംകെയെ വഞ്ചിച്ച്, നടൻ വിജയിന്റെ തമിഴക വെട്രി കഴകവുമായി ഔദ്യോഗിക സഖ്യം പ്രഖ്യാപിച്ചതാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ പാർട്ടിയെ കടുത്ത പ്രകോപനത്തിലേക്ക് തള്ളിവിട്ടത്.ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ 'മുരശൊലി'യിലെ എഡിറ്റോറിയലിലാണ് കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

"നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഉടനീളം, കൂടെയുള്ള ഇന്ത്യ മുന്നണി പങ്കാളികൾ അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പ് എത്തുമ്പോൾ ബിജെപിക്കെതിരെ പോരാടാനെന്ന പേരിൽ ഇതേ കക്ഷികളുടെ കാലുപിടിക്കാൻ അവർ ഓടിയെത്തും," മുരശൊലി വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ഈ 'വഞ്ചനയിൽ' പ്രതിഷേധിച്ച് ജൂൺ 8-ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ ഉന്നതതല യോഗം ഡിഎംകെ ബഹിഷ്കരിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മറ്റ് പല പ്രമുഖ നേതാക്കളും കോൺഗ്രസിന്റെ ഈ നിലപാടുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും, ഇതൊന്നും പ്രതീക്ഷിക്കാത്ത രാഹുൽ ഗാന്ധി യോഗത്തിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോയതായും ഡിഎംകെ അവകാശപ്പെടുന്നു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ അപക്വതയും സത്യസന്ധതയില്ലായ്മയുമാണ് ഇതിനെല്ലാം കാരണമെന്നും മുഖപത്രം കൂട്ടിച്ചേർത്തുവിഷയത്തിൽ കൂടുതൽ പ്രതികരണവുമായി മുതിർന്ന ഡിഎംകെ നേതാവ് ടി കെഎസ് ഇളങ്കോവനും രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഇനി എന്ത് പറഞ്ഞാലും തമിഴ്‌നാട്ടിലെ ജനങ്ങൾ അത് ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹംട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കോൺഗ്രസിന്റെ ജനപ്രതിനിധികൾ കൂറുമാറി വിജയിന്റെ ടിവികെ-യിൽ ചേരുകയും അതിൽ രണ്ട് പേർ മന്ത്രിസ്ഥാനങ്ങൾ കൈക്കലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനൊപ്പം കോൺഗ്രസിനെതിരെ പരിഹാസവുമായി ഡിഎംകെയുടെ ഔദ്യോഗിക ഐടി സെല്ലും എക്സ് ഹാൻഡിലിലൂടെ രംഗത്തെത്തിയിട്ടുണ്ട്. "രാഷ്ട്രീയ നിലനില്പിനായി കോൺഗ്രസ് കടുത്ത പോരാട്ടം നടത്തിയ കാലത്ത് ഞങ്ങൾ അവരെ തോളിലേറ്റിയാണ് സംരക്ഷിച്ചത്. എന്നാൽ തിളങ്ങുന്ന പുതിയൊരു കളിപ്പാട്ടം കണ്ടയുടൻ അവർ മറുകണ്ടം ചാടി. ആ 'അനിയൻ' ഇനിയും വളർന്നിട്ടില്ലെന്നും അവൻ ഇപ്പോഴും ഒരു വലിയ കോമാളിയാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഇനി വരും കാലങ്ങളിൽ കാറ്റ് മാറിവീശുമ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സഹായം ചോദിച്ച് ഓടി വരരുത്. ഒറ്റയ്ക്ക് അതിജീവിക്കാൻ നിങ്ങൾക്ക് എല്ലാ ആശംസകളും!" - ഡിഎംകെ ഐടി സെൽ കുറിച്ചു.

Similar News